പ്രതിഷേധങ്ങളെ ഭയന്ന് അടച്ചിട്ട സമര കവാടം പത്ത് വർഷത്തിന് ശേഷം പൊതുജനങ്ങൾക്കായി തുറന്നുനൽകി

തിരുവനന്തപുരം: കേരളത്തിന്റെ സമരചരിത്രങ്ങളിൽ ഏറെ പ്രധാന്യമുള്ള സെക്രട്ടേറിയറ്റിന്റെ പ്രശസ്തമായ സൗത്ത് ഗേറ്റ് (തെക്കേ നട) നീണ്ട 10 വർഷത്തെ അടച്ചിടലിന് ശേഷം ഒടുവിൽ പൊതുജനങ്ങൾക്കായി തുറന്നുനൽകി. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് സുരക്ഷാ കാരണങ്ങളും പ്രതിഷേധങ്ങളും മുൻനിർത്തി 2016-ലാണ് ഈ കവാടം പൂർണ്ണമായും അടച്ചത്. യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിനെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഇപ്പോൾ കവാടം വീണ്ടും തുറന്നത്.

സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ഒട്ടുമിക്ക രാഷ്ട്രീയ, സാമൂഹിക പ്രക്ഷോഭങ്ങളുടെയും പ്രധാന കേന്ദ്രമായതിനാലാണ് ഈ ഗേറ്റ് ‘സമര കവാടം’ എന്ന പേരിൽ അറിയപ്പെടുന്നത്. കവാടം അടച്ചതിനെ തുടർന്ന് കന്റോൺമെന്റ് ഗേറ്റ് വഴിയായിരുന്നു ജീവനക്കാരുടെയും സന്ദർശകരുടെയും വാഹനങ്ങളുടെയും നിയന്ത്രണം. ഇത് പ്രസ് ക്ലബ് റോഡിലും പരിസരങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. സൗത്ത് ഗേറ്റ് വീണ്ടും തുറന്നതോടെ സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനം കൂടുതൽ സുഗമമാവുകയും നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിധി വരെ ആശ്വാസമാവുകയും ചെയ്യും.

ജനാധിപത്യ സംവിധാനത്തിൽ പൊതുജനങ്ങൾക്കും ജീവനക്കാർക്കും സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗേറ്റ് തുറക്കാനുള്ള നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സമരങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അതിനെ ഭയന്ന് കവാടങ്ങൾ അടച്ചിടുന്ന ശൈലി തങ്ങൾക്കില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കവാടം തുറന്ന നടപടിയെ സെക്രട്ടേറിയറ്റ് ജീവനക്കാരും പൊതുജനങ്ങളും സന്ദർശകരും ഒരേപോലെ സ്വാഗതം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *