സംസ്ഥാനത്തിന്റേത് തകർന്നടിഞ്ഞ സാമ്പത്തിക നിലയെന്ന് എ.കെ. ആന്റണി; ബാലിശമെന്ന് കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: കേരളത്തിന്റേത് പൂർണ്ണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. സംസ്ഥാനം കടക്കെണിയിലാണെന്നും വരും ദിവസങ്ങളിൽ ശമ്പളവും പെൻഷനും നൽകാൻ പോലും പുതിയ സർക്കാരിന് കടുത്ത സാമ്പത്തിക വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ, ആന്റണിയുടെ പ്രസ്താവന പൂർണ്ണമായും അടിസ്ഥാനരഹിതവും ബാലിശവുമാണെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിരിച്ചടിച്ചു.

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സാഹചര്യം അങ്ങേയറ്റം ദയനീയമാണെന്നാണ് കെ.പി.സി.സി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ എ.കെ. ആന്റണി ആരോപിച്ചത്. കഴിഞ്ഞ സർക്കാരിന്റെ പത്തു വർഷത്തെ കെടുകാര്യസ്ഥതയും ധൂർത്തുമാണ് കേരളത്തെ ഈ അവസ്ഥയിൽ എത്തിച്ചത്. പുതിയ യു.ഡി.എഫ് സർക്കാരിന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കടുത്ത പ്രയത്നം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, എ.കെ. ആന്റണിയുടെ ഈ ആരോപണങ്ങളെ ശക്തമായ കണക്കുകൾ നിരത്തിയാണ് കെ.എൻ. ബാലഗോപാൽ പ്രതിരോധിച്ചത്. യു.ഡി.എഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ അഞ്ച് ഗ്യാരണ്ടികളിൽ നിന്നും പിന്നോട്ടു പോകാനും ജനങ്ങളെ വഞ്ചിക്കാനുമുള്ള മുൻകൂർ ജാമ്യമെടുക്കലാണ് ആന്റണിയുടെ പ്രസ്താവനയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ബോധ്യമുള്ളതുകൊണ്ടാണ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉറപ്പുകൾ പ്രഖ്യാപിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിന്റെ പൊതുക്കടം 39 ശതമാനത്തിൽ നിന്നും 34 ശതമാനമായി കുറയ്ക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ള 15 സംസ്ഥാനങ്ങളുടെ പട്ടികയിൽ പോലും കേരളമില്ല. നികുതി വരുമാനം 47,000 കോടി രൂപയിൽ നിന്നും ഒരു ലക്ഷം കോടി രൂപയായി ഉയർത്തി. കേന്ദ്ര സർക്കാർ സാമ്പത്തികമായി ശ്വാസം മുട്ടിച്ചിട്ടും ട്രഷറി ഒരു ദിവസം പോലും പൂട്ടേണ്ടി വന്നിട്ടില്ലെന്നും എല്ലാ ആനുകൂല്യങ്ങളും ജീവനക്കാർക്ക് കൃത്യമായി വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക കണക്കുകളും സി.എ.ജി റിപ്പോർട്ടുകളും പരിശോധിക്കാൻ എ.കെ. ആന്റണിയെ നേരിട്ട് ക്ഷണിക്കുന്നതായും മുൻ ധനമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *