സാൻ ഡിയേഗോ: അമേരിക്കയിലെ കാലിഫോർണിയയിലുള്ള സാൻ ഡിയേഗോ ഇസ്ലാമിക് സെന്ററിലുണ്ടായ കൂട്ടവെടിവെപ്പിൽ സ്വന്തം ജീവൻ ബലിനൽകി നിരവധി പേരെ രക്ഷിച്ച സുരക്ഷാ ജീവനക്കാരൻ അമീൻ അബ്ദുള്ളയെ വീരനായകനായി വാഴ്ത്തി പോലീസും പ്രാദേശിക സമൂഹവും. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു മസ്ജിദ് കോംപ്ലക്സിന് നേരെ ആയുധധാരികളായ രണ്ട് കൗമാരക്കാർ ആക്രമണം നടത്തിയത്. അക്രമികൾക്കും മസ്ജിദിനുള്ളിൽ ഉണ്ടായിരുന്ന കുട്ടികൾക്കും ജീവനക്കാർക്കും ഇടയിൽ അമീൻ അബ്ദുള്ള പ്രതിരോധം തീർത്തതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായതെന്ന് സാൻ ഡിയേഗോ പോലീസ് മേധാവി സ്കോട്ട് വാൽ വ്യക്തമാക്കി.
ആക്രമണം നടക്കുമ്പോൾ മസ്ജിദിനോട് ചേർന്നുള്ള ബ്രൈറ്റ് ഹൊറൈസൺ അക്കാദമി സ്കൂളിൽ നിരവധി കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു. തോക്കുമായി എത്തിയ അക്രമികളെ കണ്ടയുടൻ അമീൻ അബ്ദുള്ള ഒളിച്ചോടാൻ ശ്രമിക്കാതെ അവർക്ക് മുന്നിൽ ധീരമായി നിലയുറപ്പിക്കുകയായിരുന്നു. അക്രമികളെ മുൻഭാഗത്ത് വെച്ചുതന്നെ അദ്ദേഹം പ്രതിരോധിച്ചതോടെ, സ്കൂളിലുണ്ടായിരുന്ന പത്തിലധികം കുട്ടികളെയും അധ്യാപകരെയും പോലീസിന് സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചു. ആക്രമണത്തിൽ അമീൻ അബ്ദുള്ള ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. അമീനെ കൂടാതെ രണ്ട് മസ്ജിദ് ജീവനക്കാരാണ് മരിച്ചത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ അക്രമികളായ രണ്ട് കൗമാരക്കാരെ ഏതാനും ബ്ലോക്കുകൾക്കപ്പുറം കാറിനുള്ളിൽ സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി. വെറുപ്പിന്റെ രാഷ്ട്രീയമാണ് ആക്രമണത്തിന് പിന്നിലെന്നും വംശീയ അധിക്ഷേപങ്ങൾ അടങ്ങിയ കുറിപ്പുകൾ ലഭിച്ചതായും പോലീസ് അറിയിച്ചു. എട്ട് കുട്ടികളുടെ പിതാവായ അമീൻ അബ്ദുള്ളയുടെ ധീരതയെയും കാരുണ്യത്തെയും പ്രശംസിച്ച് അന്താരാഷ്ട്ര തലത്തിൽ വലിയ തോതിലുള്ള ഫണ്ട് ശേഖരണവും ആരംഭിച്ചിട്ടുണ്ട്. അമീന്റെ അസാധാരണമായ ധീരത വലിയൊരു കൂട്ടക്കൊലയാണ് ഒഴിവാക്കിയതെന്ന് സാൻ ഡിയേഗോ മേയർ ടോഡ് ഗ്ലോറിയയും കൂട്ടിച്ചേർത്തു.

