മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരുടെ പക്കലേക്ക് പോലീസിന് പകരം, ആരോഗ്യപ്രവർത്തകർ ; യുകെ മാതൃക പിന്തുടരാൻ ഒരുങ്ങി ന്യൂ സൗത്ത് വെയ്‌ൽസ്

സിഡ്നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്‌ൽസിൽ (NSW) മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട അടിയന്തര ഫോൺ കോളുകളിൽ പോലീസിന് പകരം ആരോഗ്യപ്രവർത്തകരെ ആദ്യ പ്രതികരണ സേനയായി നിയോഗിക്കാൻ പുതിയ ധാരണയാകുന്നു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രതിസന്ധികളിലും പോലീസിനെ ഇടപെടുത്തുന്ന രീതി അവസാനിപ്പിക്കണമെന്ന് പോലീസ് യൂണിയൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യുകെ മാതൃകയിലുള്ള പരിഷ്കരണത്തിന് സർക്കാർ ഒരുങ്ങുന്നത്.

സമീപകാലത്ത് മാനസിക പ്രയാസങ്ങൾ നേരിട്ട നിരവധി പേർ പോലീസ് നടപടികളിലും വെടിവെപ്പുകളിലും കൊല്ലപ്പെട്ടതിനെത്തുടർന്ന് വലിയ ജനരോഷവും സമ്മർദ്ദവും ഉയർന്നിരുന്നു. ഇതേത്തുടർന്ന് നടത്തിയ ആഭ്യന്തര അവലോകനത്തിലാണ്, ഇത്തരം സാഹചര്യങ്ങളിൽ പോലീസ് ചെല്ലുന്നത് പലപ്പോഴും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ കാരണമാകുന്നുവെന്ന് വ്യക്തമായത്. ക്രിമിനൽ കുറ്റങ്ങളോ ജീവന് നേരിട്ട് ഭീഷണിയോ ഇല്ലാത്ത സാഹചര്യങ്ങളിൽ പോലീസിന് പകരം വിദഗ്ധരായ ആരോഗ്യ പ്രവർത്തകരെ മുൻനിരയിൽ നിയോഗിക്കുന്ന യുകെയിലെ ‘റൈറ്റ് പേഴ്സൺ, റൈറ്റ് കെയർ’ മാതൃകയാണ് ഇവിടെയും പരിഗണിക്കുന്നത്. പോലീസും ആരോഗ്യവകുപ്പും തമ്മിലുള്ള പുതിയ ധാരണാപത്രം ഉടൻ ഒപ്പുവെക്കുമെന്ന് എൻ.എസ്.ഡബ്ല്യു പോലീസ് മന്ത്രി യാസ്മിൻ കാറ്റ്‌ലി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *