കാൻബറ: മൂലധന നേട്ട നികുതിയിൽ (Capital Gains Tax – CGT) വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾക്കെതിരെ സ്റ്റാർട്ടപ്പ് സ്ഥാപകർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നടത്തുന്ന പരിഹാസ മീം ക്യാംപെയ്നെ ചിരിച്ചുതള്ളി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി. തങ്ങളുടെ ബിസിനസ് സ്ഥാപനങ്ങളിൽ പ്രധാനമന്ത്രി ജോലി ചെയ്യുന്ന രീതിയിൽ എഡിറ്റ് ചെയ്ത ചിത്രങ്ങൾ പങ്കുവെച്ച സ്റ്റാർട്ടപ്പ് ഉടമകൾക്ക്, ചിത്രങ്ങൾ വളരെ മനോഹരമായിട്ടുണ്ടെന്ന് അദ്ദേഹം നന്ദി പറയുകയും ചെയ്തു. എന്നാൽ, ഈ നികുതി പരിഷ്കരണം രാജ്യത്തെ സാങ്കേതിക-നൂതന സംരംഭങ്ങളെ തകർക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി സ്വതന്ത്ര പാർലമെന്റ് അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഫെഡറൽ ബജറ്റിലാണ് നിലവിലുള്ള 50 ശതമാനം സിജിടി ടാക്സ് ഡിസ്കൗണ്ടിന് പകരം ‘കോസ്റ്റ്-ബേസ് ഇൻഡക്സേഷൻ’ രീതിയും കുറഞ്ഞത് 30 ശതമാനം നികുതി നിരക്കും കൊണ്ടുവരാൻ സർക്കാർ നിർദ്ദേശിച്ചത്. ഇതിനെതിരെയാണ് ഓസ്ട്രേലിയയിലെ പ്രമുഖ സ്റ്റാർട്ടപ്പ് സംരംഭകർ എഐ ചിത്രങ്ങൾ നിർമ്മിച്ച് പ്രധാനമന്ത്രിക്കെതിരെ സാമൂഹമാധ്യമങ്ങളിൽ പരസ്യ പ്രതിഷേധം ആരംഭിച്ചത്. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രാരംഭ ഘട്ടത്തിലെ കമ്പനികൾ ജീവനക്കാർക്ക് ഉയർന്ന ശമ്പളത്തിന് പകരം കമ്പനിയുടെ ഓഹരികളാണ് നൽകാറുള്ളത്. പുതിയ നിയമം വരുന്നതോടെ ഇത്തരം ലാഭവിഹിതങ്ങൾക്ക് വലിയ നികുതി നൽകേണ്ടി വരുന്നത് ആളുകളെ സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് പിന്നോട്ട് വലിപ്പിക്കുമെന്നാണ് ടെക് മേഖലയുടെ ആശങ്ക.
ഈ നികുതി പരിഷ്കരണം ഓസ്ട്രേലിയയിലെ സാങ്കേതിക നിക്ഷേപങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് ഒഴുക്കാൻ കാരണമാകുമെന്ന് സ്വതന്ത്ര സെനറ്ററായ ഡേവിഡ് പോക്കോക്ക് മുന്നറിയിപ്പ് നൽകി. ഓസ്ട്രേലിയയുടെ പരമാധികാര നൂതന ശേഷി രാജ്യത്തുതന്നെ നിലനിർത്താൻ സർക്കാർ നയങ്ങളിൽ ആഴത്തിലുള്ള കൂടിയാലോചനകൾ ആവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ, നിർദ്ദിഷ്ട മാറ്റങ്ങളിൽ ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുകയാണെന്നും, പുതിയ ബിസിനസുകൾക്കായി പ്രത്യേക ഇളവുകൾ നൽകുന്ന കാര്യം തള്ളിക്കളയുന്നില്ലെന്നും ട്രഷറർ ജിം ചാൽമേഴ്സ് വ്യക്തമാക്കി

