തീവ്രവാദത്തിന് കീഴടങ്ങില്ല; ഇരട്ടത്താപ്പിനും ഇടമില്ലെന്ന് മോദി

ഓസ്ലോ: തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഇരട്ടത്താപ്പിന് ഇടമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി .ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ വ്യക്തമാക്കി. നോർവേയിലെ ഓസ്ലോയിൽ നടന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിക്കുശേഷം സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദം മനുഷ്യരാശിക്കെതിരായ ഏറ്റവും വലിയ ഭീഷണികളിലൊന്നാണെന്നും അതിനെതിരെ ആഗോളതലത്തിൽ ഏകോപിത നടപടി വേണമെന്നും മോദി പറഞ്ഞു. തീവ്രവാദത്തെ രാഷ്ട്രീയപരമായ കാഴ്ചപ്പാടുകളിൽ വിലയിരുത്തുന്നത് അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയും നോർഡിക് രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ “സുവർണഘട്ടത്തിലേക്ക്” കടക്കുകയാണെന്നും ഹരിത സാങ്കേതികവിദ്യ, നവോത്ഥാനം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യ-നോർഡിക് വ്യാപാരം നാലിരട്ടിയായി വർധിച്ചതായും നിക്ഷേപങ്ങളിൽ വലിയ ഉയർച്ച ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി. ഉച്ചകോടിക്കൊടുവിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ എല്ലാ തരത്തിലുള്ള തീവ്രവാദത്തെയും നോർഡിക് നേതാക്കൾ ശക്തമായി അപലപിച്ചു. തീവ്രവാദ ധനസഹായം തടയൽ, തീവ്രവാദ ശൃംഖലകൾക്കെതിരെ സംയുക്ത നടപടി, അതിരുകടന്ന തീവ്രവാദത്തിനെതിരായ സഹകരണം എന്നിവ ശക്തിപ്പെടുത്താനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *