അബുദാബി: യു.എ.ഇയിലെ ബറാക ആണവോർജ നിലയത്തിന് സമീപമുണ്ടായ ഡ്രോൺ ആക്രമണം ഇറാഖ് ഭൂപ്രദേശത്തുനിന്നാണ് നടത്തിയതെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ആണവനിലയത്തിന് പുറത്തുള്ള വൈദ്യുത ജനറേറ്ററിന് സമീപം തീപിടിത്തമുണ്ടായെങ്കിലും ആണവസുരക്ഷയ്ക്ക് ഭീഷണിയോ വികിരണ ചോർച്ചയോ ഉണ്ടായില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അൽ ദഫ്റ മേഖലയിൽ സ്ഥിതി ചെയ്യുന്ന ബറാക ആണവനിലയത്തിന്റെ പുറംപരിസരത്തേക്കാണ് ഡ്രോൺ പതിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേ ദിവസം ഇറാഖ് ഭാഗത്തുനിന്നെത്തിയ മറ്റ് രണ്ട് ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായും മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ 48 മണിക്കൂറിനിടെ ആറ് ഡ്രോണുകളെ നേരിട്ടതായും യു.എ.ഇ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ബറാക നിലയത്തിലെ നാല് റിയാക്ടറുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ അറിയിച്ചു.
ആക്രമണത്തെ തുടർന്ന് സുരക്ഷാ പരിശോധനയും അന്വേഷണംയും തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ആണവ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അതീവ ഗുരുതരമാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസിയും ആശങ്ക പ്രകടിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെയാണ് ബറാക നിലയത്തിന് സമീപം ഡ്രോൺ ആക്രമണം നടന്നത്.

