കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവദിവസം ഒരു സ്ത്രീ കന്നാസിൽ പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇത് മരിച്ച സോന തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ കേസിൽ ദുരൂഹത കൂടുതൽ ശക്തമായി.
കക്കറമുക്ക് പൂവത്തുംചാലിൽ രജിൻലാലിന്റെ ഭാര്യ സോന (27) ആണ് കാറിനുള്ളിൽ വെന്തുമരിച്ചത്. സംഭവദിവസം സോന ബന്ധുവിനൊപ്പം ഷോപ്പിംഗിന് പോയിരുന്നുവെന്നും പിന്നീട് ഭർത്താവ് രജിൻലാൽ കൂട്ടിക്കൊണ്ടുപോയ ശേഷമാണ് അപകടമുണ്ടായതെന്നും പൊലീസ് കണ്ടെത്തി. ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെയായിരുന്നു കാറിന് തീപിടിച്ചത്. നടുവണ്ണൂരിലെ പെട്രോൾ പമ്പിൽ നിന്നുള്ള ദൃശ്യങ്ങളിൽ സോന പെട്രോൾ വാങ്ങി ബാഗിൽ സൂക്ഷിക്കുന്നതായി വ്യക്തമായതായി അന്വേഷണസംഘം അറിയിച്ചു.
കാറിനുള്ളിൽ പെട്രോൾ ഉപയോഗിച്ചിരുന്നുവെന്ന സൂചന നേരത്തേ തന്നെ ലഭിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കാറിന്റെ ഉൾവശം പൂർണമായും കത്തിനശിച്ചപ്പോഴും എഞ്ചിൻ ഭാഗത്ത് വലിയ കേടുപാടുകൾ ഇല്ലാത്തത് സംശയം വർധിപ്പിക്കുന്നതായും അന്വേഷണസംഘം വിലയിരുത്തുന്നു. അതേസമയം, കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഇപ്പോൾ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളെന്ന് സോനയുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഭർത്താവ് രജിൻലാൽ ഗുരുതര പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

