ചണ്ഡീഗഢ്: പഞ്ചാബി ഗായിക ഇന്ദർ കൗറിന്റെ മൃതദേഹം ലുധിയാനയ്ക്കടുത്ത നീലോൺ കനാലിൽ നിന്ന് കണ്ടെത്തി. യശീന്ദർ കൗർ എന്ന പേരിലും അറിയപ്പെട്ടിരുന്ന 29-കാരിയായ ഗായികയെ കഴിഞ്ഞ ആറ് ദിവസമായി കാണാതായിരുന്നുവെന്ന് കുടുംബം അറിയിച്ചു. മൃതദേഹം കണ്ടെത്തിയതോടെ കൊലപാതക സംശയം ശക്തമായിരിക്കുകയാണ്.
മേയ് 13-നാണ് ഇന്ദർ കൗർ വീട്ടിൽ നിന്ന് കാറിൽ പുറപ്പെട്ടത്. പിന്നീട് തിരികെ എത്താതിരുന്നതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. വിവാഹാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ കാനഡയിൽ താമസിക്കുന്ന ഒരാൾ ഗായികയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ഗായികയുടെ കാർ നേരത്തെ കനാലിനരികിൽ നിന്ന് കണ്ടെത്തിയിരുന്നു. വാഹനത്തിനുള്ളിൽ രക്തക്കറകളും കണ്ടെത്തിയതായാണ് പൊലീസ് വ്യക്തമാക്കിയത്.
കാറിനുള്ളിൽ വച്ചാണ് കൊലപാതകം നടന്നതെന്നും പിന്നീട് മൃതദേഹം കനാലിൽ തള്ളിയതാകാമെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ സംഭവത്തിന് പിന്നാലെ കാനഡയിലേക്ക് കടന്നതായും പൊലീസ് അറിയിച്ചു. ഇയാൾ ഇന്ത്യയിലെത്തിയത് നേപ്പാൾ വഴിയാണെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ലുധിയാനയിലെ സമ്രാല സിവിൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

