വ്യാജ സ്ത്രീ പ്രൊഫൈലുണ്ടാക്കി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്; മുൻ കെ.എസ്.യു നേതാവ് അടൂരിൽ അറസ്റ്റിൽ

പത്തനംതിട്ട: സോഷ്യൽ മീഡിയയിൽ സ്ത്രീ എന്ന വ്യാജേന പ്രൊഫൈലുണ്ടാക്കി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ മുൻ കെ.എസ്.യു നേതാവ് അടൂരിൽ അറസ്റ്റിലായി. പത്തനംതിട്ട അടൂർ പറക്കോട് സ്വദേശിയായ ജിതിൻ ടി. വർഗീസിനെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഒ.എൽ.എക്സ് , ഫേസ്ബുക്ക് എന്നിവ മുഖേനയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.

‘അഞ്ജലി ഹരിദാസ്’ എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ നിർമ്മിച്ചാണ് ജിതിൻ ഇരകളെ കണ്ടെത്തിയിരുന്നത്. ഒ.എൽ.എക്സ് വഴി വിവിധ ആവശ്യങ്ങൾക്കായി ആളുകൾ നൽകിയ തിരിച്ചറിയൽ കാർഡുകൾ ശേഖരിച്ചായിരുന്നു ഈ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയിരുന്നത്. സോഷ്യൽ മീഡിയ വഴി ‘മെയിൽ എസ്കോർട്ട്’ ജോലിക്ക് ആളുകളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയായിരുന്നു പ്രധാന തട്ടിപ്പ്. ഇത് വിശ്വസിച്ച് ബന്ധപ്പെടുന്നവരിൽ നിന്ന് രജിസ്‌ട്രേഷൻ ഫീസ്, ക്ലൈന്റ് ബോഡി ഇൻഷുറൻസ് തുടങ്ങിയ വിവിധ ആവശ്യങ്ങൾ പറഞ്ഞ് ഗിഫ്റ്റ് കാർഡുകളായും ഗോൾഡ് കാർഡുകളായും പണം തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ രീതി.

ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അടൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ബാങ്ക് അക്കൗണ്ടുകളും ഐ.പി വിലാസങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അതിവേഗ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. പോലീസ് സ്വമേധയാ എടുത്ത കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ ആളുകൾ ഇരയായിട്ടുണ്ടോയെന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *