ബഹുധ്രുവ ലോകക്രമം ശക്തിപ്പെടുത്തുമെന്ന് പുടിൻ-ഷി സംയുക്ത പ്രഖ്യാപനം

ബെയ്ജിങ്: ബഹുധ്രുവ ലോകക്രമം ശക്തിപ്പെടുത്താനും പുതിയ തരത്തിലുള്ള അന്താരാഷ്ട്ര ബന്ധങ്ങൾ രൂപപ്പെടുത്താനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങും സംയുക്ത പ്രഖ്യാപനം നടത്തി. ബെയ്ജിങിൽ നടന്ന ഉച്ചകോടിക്കൊടുവിലാണ് ഇരുനേതാക്കളും പ്രഖ്യാപനത്തിൽ ഒപ്പുവെച്ചത്.

47 പേജുകളുള്ള പ്രഖ്യാപനത്തിൽ ആഗോള ഭരണസംവിധാനങ്ങളിൽ മാറ്റം വരുത്തുന്നതിനും പാശ്ചാത്യ രാജ്യങ്ങളുടെ ആധിപത്യമില്ലാത്ത പുതിയ അന്താരാഷ്ട്ര ക്രമം രൂപപ്പെടുത്തുന്നതിനുമുള്ള സഹകരണമാണ് പ്രധാനമായി ഉൾപ്പെടുത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര രാഷ്ട്രീയത്തിലും സുരക്ഷാ വിഷയങ്ങളിലും റഷ്യ-ചൈന ഏകോപനം ശക്തിപ്പെടുത്തുമെന്നും നേതാക്കൾ അറിയിച്ചു. ഉച്ചകോടിക്കിടെ വ്യാപാരം, ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ 40ലേറെ കരാറുകളിലും ധാരണാപത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. റഷ്യയിൽ നിന്ന് ചൈനയിലേക്കുള്ള എണ്ണ-വാതക കയറ്റുമതി വർധിപ്പിക്കാനും ധാരണയായി.

അമേരിക്കയുടെ ഏകപക്ഷീയ നയങ്ങളെയും മിസൈൽ പ്രതിരോധ പദ്ധതികളെയും ഇരുനേതാക്കളും വിമർശിച്ചു. ആഗോള കാര്യങ്ങളിൽ ഒരു രാജ്യം മാത്രം ആധിപത്യം സ്ഥാപിക്കുന്ന രീതിക്കെതിരെ പ്രവർത്തിക്കുമെന്ന് അവർ വ്യക്തമാക്കി. ഉക്രൈൻ യുദ്ധം, പശ്ചിമേഷ്യയിലെ സംഘർഷം, ആഗോള സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. BRICS, ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ, APEC തുടങ്ങിയ വേദികളിൽ സഹകരണം കൂടുതൽ ശക്തമാക്കാനും തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *