ഇൻസ്റ്റഗ്രാമിൽ ബിജെപിയെ മറികടന്നതിന് പിന്നാലെ ‘കോക്രോച്ച് ജനത പാർട്ടി’യുടെ എക്സ് അക്കൗണ്ട് ഇന്ത്യ
ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വൻ ശ്രദ്ധ നേടിയ പരിഹാസാത്മക രാഷ്ട്രീയ കൂട്ടായ്മയായ ‘കോക്രോച്ച് ജനത പാർട്ടി’യുടെ എക്സ് (മുൻ ട്വിറ്റർ) അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞു. ഇൻസ്റ്റഗ്രാമിൽ ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടിനെ പിന്തുടരുന്നവരുടെ എണ്ണത്തിൽ മറികടന്നതിന് പിന്നാലെയാണ് നടപടി ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
എക്സ് പ്ലാറ്റ്ഫോമിൽ അക്കൗണ്ട് ഇന്ത്യയിൽ ലഭ്യമല്ലാത്ത നിലയിലാണെങ്കിലും, ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രവർത്തനം തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. മെയ് 16ന് ആരംഭിച്ച ഈ ഓൺലൈൻ പ്രചാരണം യുവാക്കളെ കേന്ദ്രീകരിച്ച പരിഹാസ രാഷ്ട്രീയ ക്യാംപെയ്‌നായാണ് ശ്രദ്ധ നേടിയത്. തൊഴിലില്ലായ്മ, പരീക്ഷ ചോദ്യപേപ്പർ ചോർച്ച, രാഷ്ട്രീയ ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പോസ്റ്റുകളാണ് വലിയ തോതിൽ പ്രചരിച്ചത്.
ഇൻസ്റ്റഗ്രാമിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കോടിക്കണക്കിന് ഫോളോവേഴ്സിനെ നേടിയാണ് ഈ അക്കൗണ്ട് വൈറലായത്. ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിനേക്കാൾ കൂടുതൽ ഫോളോവേഴ്സ് ‘കോക്രോച്ച് ജനത പാർട്ടി’ അക്കൗണ്ടിന് ലഭിച്ചിരുന്നു. അതേസമയം, അക്കൗണ്ട് തടഞ്ഞതിന്റെ കാരണം സംബന്ധിച്ച് എക്സ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ഇന്ത്യയിലെ നിയമ നിർദേശങ്ങൾ പ്രകാരമുള്ള നിയന്ത്രണ നടപടിയായിരിക്കാമെന്നാണു സൂചന.

