തമിഴ്നാട്ടിലെ വാൽപ്പാറ ഘട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ പത്ത് പേർ മരിച്ച സംഭവത്തിൽ കേരള ഹൈക്കോടതി ട്രാൻസ്പോർട്ട് കമ്മിഷണറോട് വിശദമായ റിപ്പോർട്ട് തേടി. വാഹനങ്ങളിലെ അനധികൃത രൂപമാറ്റവുമായി ബന്ധപ്പെട്ട് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ ഇടപെടൽ.
ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അപകടത്തിൽപ്പെട്ട ടെംപോ ട്രാവലറിന്റെ ഡ്രൈവർ കാബിനിൽ നിയമവിരുദ്ധമായി ഫ്ലാഷ് ലൈറ്റുകൾ സ്ഥാപിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ കോടതി ശ്രദ്ധയിൽപ്പെടുത്തി. മോട്ടോർ വാഹന നിയമവും ചട്ടങ്ങളും ലംഘിച്ചാണ് ഇത്തരത്തിലുള്ള രൂപമാറ്റം നടത്തിയതെന്നാണ് കോടതിയുടെ നിരീക്ഷണം.
മലപ്പുറം പാങ്ങിൽ നിന്നുള്ള അധ്യാപകരും ജീവനക്കാരും ഉൾപ്പെട്ട സംഘം വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഏപ്രിൽ 17-ന് അപകടമുണ്ടായത്. വാൽപ്പാറ–പൊള്ളാച്ചി ഘട്ട് റോഡിലെ 13-ാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് ആഴമേറിയ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ പത്ത് പേർ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
യാത്രയ്ക്കിടെ യാത്രക്കാർ പകർത്തിയതായി കരുതുന്ന വീഡിയോകളിൽ ഫ്ലാഷ് ലൈറ്റുകളുടെ മിന്നൽ വ്യക്തമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ചുള്ള സമഗ്ര റിപ്പോർട്ട് പത്ത് ദിവസത്തിനകം സമർപ്പിക്കാനാണ് ട്രാൻസ്പോർട്ട് കമ്മിഷണറോട് കോടതി നിർദേശിച്ചിരിക്കുന്നത്. കേസ് ജൂൺ 16-ലേക്ക് മാറ്റി.

