കേരള നിയമസഭയുടെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. 16-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന്റെ ഭാഗമായാണ് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ അപൂർവമായ ത്രികോണ മത്സരമാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ നടക്കുന്നത്.
ഭരണകക്ഷിയായ യു.ഡി.എഫ്. ൻ്റെ സ്പീക്കർ സ്ഥാനാർത്ഥി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. 140 അംഗ സഭയിൽ 102 അംഗങ്ങളുടെ പിന്തുണ യു.ഡി.എഫിനുള്ളതിനാൽ വിജയത്തിൽ മുന്നണി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രതിപക്ഷമായ എൽ.ഡി.എഫ്. മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി മൊയ്തീനെയാണ് മത്സരരംഗത്തിറക്കിയത്. അതേസമയം, ചരിത്രത്തിലാദ്യമായി മൂന്ന് സീറ്റുകൾ നേടിയ ബി.ജെ.പി.യും മത്സരത്തിനിറങ്ങുന്നുണ്ട്. പാർട്ടിയുടെ സ്ഥാനാർഥിയായി ഗോപകുമാറിനെ പ്രഖ്യാപിച്ചു.
ഇന്നലെ പ്രോ-ടെം സ്പീക്കർ ജി. സുധാകരന്റെ അധ്യക്ഷതയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തിരുന്നു. സ്പീക്കർ തിരഞ്ഞെടുപ്പിന് ശേഷം ഗവർണറുടെ നയപ്രഖ്യാപനവും സഭാ നടപടികളും ആരംഭിക്കും.

