മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിൽ അജ്ഞാത ആയുധധാരികൾ നടത്തിയ വെടിവയ്പിൽ കുറഞ്ഞത് 16 പേർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ വടക്കൻ തീരപ്രദേശങ്ങളിലുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. നിരവധി പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു.
ആദ്യ സംഭവം ട്രുഹില്ലോ മേഖലയിലെ ഒരു തോട്ടത്തിൽ നടന്നതാണെന്ന് അധികൃതർ അറിയിച്ചു. അവിടെ തൊഴിലാളികൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഭൂവിവാദങ്ങളും സംഘർഷങ്ങളും പതിവായ പ്രദേശമാണിത്. പരിസ്ഥിതി പ്രവർത്തകരും ഭൂമിയവകാശ പ്രവർത്തകരും നേരത്തെ ഭീഷണികൾ നേരിട്ടിരുന്ന മേഖലയാണെന്നും റിപ്പോർട്ടുകളുണ്ട്.
മറ്റൊരു ആക്രമണം ഗ്വാട്ടിമാല അതിർത്തിക്ക് സമീപമുള്ള ഒമോവ മേഖലയിൽ നടന്നു. ഗുണ്ടാസംഘങ്ങൾക്കെതിരായ ദൗത്യത്തിലായിരുന്ന പോലീസ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ആറു പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. സംഭവങ്ങൾക്ക് പിന്നാലെ പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചതായി ഹോണ്ടുറാസ് സുരക്ഷാ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിന് പിന്നിലെ കാരണങ്ങളും പ്രതികളെയും കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. മയക്കുമരുന്ന് കടത്തും ഗുണ്ടാസംഘ പ്രവർത്തനങ്ങളും മൂലം ഹോർ ണ്ടൂസിൽ അക്രമസംഭവങ്ങൾ പതിവാണെന്നാണ് അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

