കാൻബറ: ഓസ്ട്രേലിയൻ ഫെഡറൽ ബജറ്റിലെ ഭവന, നികുതി പരിഷ്കരണങ്ങളെ വിമർശിച്ചവരെ ‘ഇന്റർനെറ്റ് ഫിനാൻസ് ബ്രോസ്’ എന്ന് പരിഹസിച്ച ഭവനനിർമ്മാണ മന്ത്രി ക്ലെയർ ഒ നീൽ രാഷ്ട്രീയ വിവാദത്തിൽ. കടുത്ത ജനവിമർശനം നേരിടുന്ന നെഗറ്റീവ് ഗിയറിംഗ് നിയന്ത്രണങ്ങളെയും ക്യാപിറ്റൽ ഗെയിൻസ് നികുതി പരിഷ്കരണങ്ങളെയും പ്രതിരോധിക്കാൻ മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് വൻ തിരിച്ചടിയായത്.
പുതിയ ബജറ്റ് നിർദ്ദേശപ്രകാരം 2027 ജൂലൈ മുതൽ നെഗറ്റീവ് ഗിയറിംഗ് ആനുകൂല്യങ്ങൾ പുതിയ നിർമ്മാണങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തും. കൂടാതെ, നിലവിലുള്ള 50 ശതമാനം ക്യാപിറ്റൽ ഗെയിൻസ് നികുതി ഇളവ് ഒഴിവാക്കി, പണപ്പെരുപ്പത്തിനനുസരിച്ച് ക്രമീകരിച്ച 30 ശതമാനം ഫ്ലാറ്റ് നിരക്ക് ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനങ്ങൾക്കെതിരെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മറുപടിയുമായി മന്ത്രി രംഗത്തെത്തിയത്.
“ഇന്റർനെറ്റ് ഫിനാൻസ് ബ്രോമാർ പെട്ടെന്ന് വാടകക്കാരുടെ കാര്യത്തിൽ ഇത്രയധികം ആശങ്കാകുലരാകുന്നത് വിചിത്രമായി തോന്നുന്നില്ലേ?” എന്ന് മന്ത്രി വീഡിയോയിലൂടെ ചോദിച്ചു. ഇത്തരം വീഡിയോകളിൽ ഭൂരിഭാഗവും തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും നികുതി ഇളവുകളെ അനുകൂലിക്കുന്നവർ സ്വന്തം ലാഭം മാത്രമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. പുതിയ തലമുറയിലെ യുവാക്കൾ വൻകിട നിക്ഷേപങ്ങളെക്കുറിച്ചല്ല, മറിച്ച് തങ്ങളുടെ കുറഞ്ഞ ശമ്പളം, എച്ച്ഇസിഎസ് (HECS) വിദ്യാഭ്യാസ കടം, വാടക എന്നിവയെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും അവരെ സഹായിക്കാനാണ് ഈ പരിഷ്കരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുതിയ നിയമം വഴി 75,000 വാടകക്കാർക്ക് സ്വന്തമായി വീട് വാങ്ങാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ അവകാശവാദം.
എന്നാൽ, മന്ത്രിയുടെ ഈ പ്രസ്താവനയ്ക്കെതിരെ ഓസ്ട്രേലിയയിലെ യുവതലമുറ ശക്തമായി രംഗത്തുവന്നു. തങ്ങളുടെ സാമ്പത്തിക യാഥാർത്ഥ്യങ്ങളെ സർക്കാർ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് യുവാക്കൾ കുറ്റപ്പെടുത്തുന്നു. വീടുകൾ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാൽ തങ്ങൾ സമ്പത്ത് വളർത്താൻ ഓഹരി വിപണിയെയാണ് ആശ്രയിക്കുന്നതെന്നും പുതിയ നികുതി പരിഷ്കരണം തങ്ങളെയാണ് ദോഷകരമായി ബാധിക്കുകയെന്നും സർവകലാശാല വിദ്യാർത്ഥികളടക്കമുള്ളവർ പ്രതികരിച്ചു. മന്ത്രിമാർ സ്വന്തമായി നിക്ഷേപങ്ങൾ വാങ്ങിക്കൂട്ടിയ ശേഷം തങ്ങളുടെ വഴികൾ അടയ്ക്കുകയാണെന്നും സോഷ്യൽ മീഡിയയിലൂടെ യുവാക്കൾ വിമർശിച്ചു.
ചെറുകിട വ്യവസായങ്ങളിൽ നിന്നും സ്റ്റാർട്ടപ്പുകളിൽ നിന്നും കടുത്ത എതിർപ്പ് ഉയർന്നിട്ടും ബജറ്റ് നിർദ്ദേശങ്ങളുമായി മുന്നോട്ട് പോകാനാണ് ആൽബനീസ് സർക്കാരിന്റെ തീരുമാനം. 28 വയസ്സിന് താഴെയുള്ള പത്തിൽ ഒരാൾക്ക് മാത്രമേ ഓഹരി നിക്ഷേപമുള്ളൂ എന്ന ട്രഷറി കണക്കുകൾ ചൂണ്ടിക്കാണിച്ചാണ് ട്രഷറർ ജിം ചാൽമേഴ്സ് സർക്കാരിനെ പ്രതിരോധിക്കുന്നത്. എന്നാൽ, ഏകദേശം അഞ്ചിൽ ഒരാൾക്ക് നിക്ഷേപമുണ്ടെന്നാണ് ഓസ്ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്മീഷന്റെ (ASIC) കണക്കുകൾ വ്യക്തമാക്കുന്നത്. വരും ആഴ്ചകളിൽ സ്റ്റാർട്ടപ്പ് മേഖലയുമായി ചർച്ചകൾ നടത്തിയ ശേഷം ജൂണിൽ ബജറ്റ് പാർലമെന്റിൽ പാസാക്കാനാണ് സർക്കാർ നീക്കം.

