തിരുവനന്തപുരം: ജില്ലയിലെ ചിറയിൻകീഴ് മണ്ണൂർഭാഗം പട്ടളയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഗ്യാസ് സിലിണ്ടർ ചോർത്തൽ കേന്ദ്രം സിവിൽ സപ്ലൈസ് അധികൃതർ റെയ്ഡ് ചെയ്ത് പൂട്ടി. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളിൽ നിന്നും അപകടകരമായ രീതിയിൽ എൽപിജി ഗ്യാസ് മറ്റ് സിലിണ്ടറുകളിലേക്ക് ചോർത്തി മാറ്റി കരിഞ്ചന്തയിൽ ഉയർന്ന വിലയ്ക്ക് വില്പന നടത്തുന്ന സംഘമാണ് പിടിയിലായത്. തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ വർക്കല താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥരും ചേർന്നാണ് ഇവിടുത്തെ ‘സൂപ്പർ ഗ്യാസ്’ എന്ന ഗോഡൗണിൽ മിന്നൽ പരിശോധന നടത്തിയത്.
വിവിധ പൊതുമേഖലാ-സ്വകാര്യ എണ്ണക്കമ്പനികളുടെ പേരിലുള്ള 261 സിലിണ്ടറുകളും, സിലിണ്ടറുകൾ ഒന്നിച്ച് മാറ്റാൻ ഉപയോഗിച്ചിരുന്ന മോട്ടോറുകൾ അടക്കമുള്ള അത്യാധുനിക ഉപകരണങ്ങളും സംഭവസ്ഥലത്തുനിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ജനവാസ മേഖലയ്ക്ക് വലിയ രീതിയിൽ തീപിടുത്ത ഭീഷണി ഉയർത്തിയാണ് ഈ നിയമവിരുദ്ധ പ്രവർത്തനം ഇവിടെ നടന്നിരുന്നത്.
പിടിച്ചെടുത്ത ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിതമായ മറ്റ് ഗോഡൗണുകളിലേക്ക് മാറ്റിയിട്ടുണ്ട്. അവശ്യസാധന നിയമം (Essential Commodities Act, 1955), എക്സ്പ്ലോസീവ്സ് ആക്ട് എന്നിവ പ്രകാരം ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ തുടരന്വേഷണം പുരോഗമിക്കുകയാണ്.

