തിരുവനന്തപുരം: ബലിപെരുന്നാൾ (ഈദ്-ഉൽ-അദ്ഹ) പ്രമാണിച്ച് സംസ്ഥാനത്ത് തുടർച്ചയായി രണ്ട് ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ചു. ഈ മാസം (മെയ്) 27, 28 തീയതികളിലാണ് അവധി. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
സർക്കാർ കലണ്ടർ പ്രകാരം നേരത്തെ മെയ് 27 ബുധനാഴ്ചയായിരുന്നു പെരുന്നാൾ അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് കേരളത്തിൽ മെയ് 28 വ്യാഴാഴ്ചയാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആഘോഷദിനമായ 28-ന് കൂടി അവധി അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതിനാൽ സംസ്ഥാനത്തെ ബാങ്കുകൾക്കും ഈ രണ്ട് ദിവസങ്ങളിൽ അവധിയായിരിക്കും. ഇതോടെ ഇത്തവണ മധ്യവാരത്തിൽ തുടർച്ചയായ രണ്ട് ദിവസത്തെ പെരുന്നാൾ അവധിയാണ് പൊതുജനങ്ങൾക്ക് ലഭിക്കുന്നത്.

