കോക്രോച്ച് ജനതാ പാർട്ടി (CJP)യുടെ എക്സ് അക്കൗണ്ടിന് ഏർപ്പെടുത്തിയ വിലക്ക് ഉടൻ നീക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. അക്കൗണ്ട് പുനഃസ്ഥാപിക്കാൻ ഇടക്കാല ഉത്തരവ് നൽകാൻ കോടതി വിസമ്മതിച്ചെങ്കിലും, കേന്ദ്ര സർക്കാരിനും എക്സ് പ്ലാറ്റ്ഫോമിനും നോട്ടീസ് അയച്ച് വിശദീകരണം തേടി.
സി ജെ പി സ്ഥാപകനായ അഭിജിത് ദീപ്കെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ പുരുഷയ്ന്ദ്ര കുമാർ കൗരവ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. അക്കൗണ്ടിലെ ചില ഉള്ളടക്കങ്ങൾ പ്രഥമദൃഷ്ട്യാ അപലപനീയമോ പ്രകോപനപരമോ ആണെന്ന് തോന്നുന്നതായി കോടതി നിരീക്ഷിച്ചു. അതിനാൽ എതിർകക്ഷികളുടെ വാദം കേൾക്കാതെ അക്കൗണ്ട് പുനഃസ്ഥാപിക്കാൻ ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, വിവരസാങ്കേതിക നിയമങ്ങളിലെ റൂൾ 14 പ്രകാരമുള്ള റിവ്യൂ കമ്മിറ്റിയോട് വിഷയത്തിൽ വിശദമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ഹർജിക്കാരന് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി തന്റെ വാദങ്ങൾ അവതരിപ്പിക്കാനും അനുമതി നൽകി. കേസിന്റെ തുടർവാദം ജൂലൈ 6/7-ലേക്ക് മാറ്റി.
സാമൂഹിക-രാഷ്ട്രീയ ആക്ഷേപഹാസ്യ വേദിയായാണ് കോക്രോച്ച് ജനതാ പാർട്ടി രൂപംകൊണ്ടത്. മേയ് 21-ന് ഇന്ത്യയിൽ പാർട്ടിയുടെ എക്സ് അക്കൗണ്ട് തടഞ്ഞതിന് പിന്നാലെ സ്ഥാപകൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അക്കൗണ്ട് വിലക്കിയത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് ഹർജിയിലെ പ്രധാന വാദം.
കേന്ദ്ര സർക്കാരും എക്സ് പ്ലാറ്റ്ഫോമും സമർപ്പിക്കുന്ന മറുപടികൾ പരിഗണിച്ച ശേഷമേ അക്കൗണ്ട് പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്ന് കോടതി വ്യക്തമാക്കി.

