ന വിഷമദ്യ ദുരന്തം: 14 പേർ മരിച്ചു; വ്യാപക അന്വേഷണം ആരംഭിച്ചു
മഹാരാഷ്ട്രയിലെ പുനെയിലും സമീപത്തെ പിംപ്രി-ചിഞ്ച്‌വാഡിലുമായി വിഷമദ്യം കഴിച്ചതിനെത്തുടർന്ന് 14 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് പൊലീസ്, എക്സൈസ് വകുപ്പ് എന്നിവ സംയുക്തമായി വ്യാപക അന്വേഷണം ആരംഭിച്ചു.
മരിച്ചവരിൽ ഭൂരിഭാഗവും ദിവസവേതന തൊഴിലാളികളാണെന്ന് അധികൃതർ അറിയിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില ഗുരുതരമാണ്. വിഷമദ്യത്തിൽ മെഥനോൾ കലർന്നിരിക്കാമെന്നാണ് ഡോക്ടർമാരുടെയും അന്വേഷണ സംഘത്തിന്റെയും പ്രാഥമിക നിഗമനം. മെഥനോൾ വിഷബാധയുടെ ലക്ഷണങ്ങളായ കാഴ്ച മങ്ങുക, ഛർദ്ദി, അബോധാവസ്ഥ എന്നിവ പലരിലും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അനധികൃത മദ്യവിതരണ ശൃംഖലയിലെ പ്രധാന കണ്ണികളിൽ ചിലരാണ് പിടിയിലായതെന്ന് അധികൃതർ അറിയിച്ചു. കേസിന്റെ അന്വേഷണം പിന്നീട് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (CID) കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സംഭവത്തെ അതീവ ഗൗരവമുള്ളതെന്ന് വിശേഷിപ്പിക്കുകയും വിഷമദ്യ വിതരണത്തിന് പിന്നിലെ മുഴുവൻ ശൃംഖലയും തകർക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
മരണകാരണം സംബന്ധിച്ച അന്തിമ സ്ഥിരീകരണം പോസ്റ്റ്മോർട്ടം, ഫോറൻസിക്, ടോക്സിക്കോളജി പരിശോധനാ റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ എന്നും അധികൃതർ അറിയിച്ചു. പിംപ്രി-ചിഞ്ച്‌വാഡിലെ ഫുഗേവാടി, ദാപോഡി മേഖലകളിലും പുണെ നഗരത്തിലെ ചില പ്രദേശങ്ങളിലുമാണ് വിഷമദ്യം വിതരണം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൂടുതൽ പ്രതികളെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

