തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിലുൾപ്പെടെ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ ആരോപണങ്ങളെ പരിഹസിച്ച് മുഖ്യമന്ത്രി വി ഡി സതീഷൻ രംഗത്തെത്തി. താൻ പ്രധാനമന്ത്രി രേന്ദ്ര മോദിയെ കണ്ടയുടൻ തന്നെ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്താൻ ആവശ്യപ്പെട്ടുവെന്നും തുടർന്ന് മോദി ഉടൻ തന്നെ നടപടി സ്വീകരിച്ചുവെന്നുമുള്ള രീതിയിൽ ചിലർ പ്രചരിപ്പിക്കുന്ന ആരോപണങ്ങളെയാണ് സതീശൻ പരിഹസിച്ചത്.
മാധ്യമങ്ങളോട് സംസാരിക്കവെ, പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനെക്കുറിച്ച് പ്രതികരണം തേടി പലതവണ മാധ്യമങ്ങൾ സമീപിച്ചിരുന്നുവെന്നും, എന്നാൽ വിഷയത്തെക്കുറിച്ച് പഠിച്ചശേഷം മാത്രമേ പ്രതികരിക്കൂ എന്ന നിലപാടാണ് താൻ സ്വീകരിച്ചതെന്നും സതീശൻ പറഞ്ഞു. രാവിലെ നടത്തത്തിനിറങ്ങിയപ്പോഴും വിമാനത്താവളങ്ങളിലുമെല്ലാം മാധ്യമപ്രവർത്തകർ പ്രതികരണം തേടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. “ഞാൻ ആദ്യമായി മോദിയെ കണ്ടപ്പോൾ തന്നെ പിണറായിയുടെ വീട്ടിൽ റെയ്ഡ് നടത്താൻ ആവശ്യപ്പെട്ടു, തുടർന്ന് മോദി ഉടൻ ഫോണെടുത്ത് ഇഡിക്ക് നിർദേശം നൽകി, 12 സ്ഥലങ്ങളിൽ റെയ്ഡ് നടത്താൻ ഞാൻ പറഞ്ഞതുകൊണ്ടാണ് അങ്ങനെ നടന്നത് എന്ന തരത്തിലാണ് ചിലർ സംസാരിക്കുന്നത്” എന്ന് സതീശൻ പരിഹാസരൂപേണ പറഞ്ഞു.
ഇത്തരത്തിലുള്ള ആരോപണങ്ങൾക്ക് യാഥാർഥ്യവുമായി ബന്ധമില്ലെന്ന സൂചനയും അദ്ദേഹം നൽകി. റെയ്ഡ് സംബന്ധിച്ച് പ്രതികരിക്കേണ്ട സമയം താനാണ് തീരുമാനിക്കേണ്ടതെന്നും, വിഷയത്തെക്കുറിച്ച് വ്യക്തമായി പഠിക്കാതെ അഭിപ്രായം പറയാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ സംസ്ഥാന സർക്കാരിന് നേരിട്ടുള്ള പങ്കില്ലെന്നും അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ, പിണറായി വിജയന്റെ വസതിയിലും മറ്റ് സ്ഥലങ്ങളിലുമായി നടന്ന ഇഡി റെയ്ഡുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. റെയ്ഡിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന ആരോപണം സിപിഎം ഉയർത്തിയപ്പോൾ, അന്വേഷണ ഏജൻസികളുടെ നടപടിയെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്.

