ഡിഡി റൈഡ്ഷെയർ ഡ്രൈവർ 17-കാരിയെ കാറിനുള്ളിൽ പീഡിപ്പിച്ചു; മംഗോളിയൻ സ്വദേശി സിഡ്നിയിൽ അറസ്റ്റിൽ

സിഡ്നി- ജോലിസ്ഥലത്തേക്ക് പോകുന്നതിനായി ‘ഡിഡി’ (DiDi) റൈഡ്ഷെയർ കാർ വിളിച്ച പതിനേഴുകാരിയെ യാത്രാമധ്യേ കാർ നിർത്തി ഡ്രൈവർ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മംഗോളിയൻ സ്വദേശിയായ ഡ്രൈവർ അമർബയസ്ഗലൻ യോണ്ടൻലോഡോയിയെ (50) സിഡ്നി പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി സഞ്ചരിച്ച വാഹനം നോർത്ത് സിഡ്നിയിൽ വെച്ച് നിർത്തിയ ഡ്രൈവർ, കാറിന്റെ പിൻസീറ്റിലേക്ക് കയറി പെൺകുട്ടിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പീഡനത്തിന് ശേഷവും പ്രതി ഈ കാറുമായി സർവീസ് തുടർന്നതായും മറ്റ് യാത്രക്കാരെ കയറ്റിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ബുധനാഴ്ച സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു യാത്രക്കാരനെ ഇറക്കിയതിന് തൊട്ടുപിന്നാലെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസ് ജൂലൈ 30-ന് കോടതി വീണ്ടും പരിഗണിക്കും. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പ്രതിയെ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ഡിഡി അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നതെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *