അയൽവാസികൾ വീടിന് ചുറ്റും മൃഗങ്ങളുടെ വിസർജ്യം കുന്നുകൂട്ടി; ദുരിതത്തിലായി ഒരു കുടുംബം

സെൻട്രൽ കോസ്റ്റ്- അയൽവാസികൾ വീടിന് ചുറ്റും പത്തടി ഉയരത്തിൽ മൃഗങ്ങളുടെ വിസർജ്യം (വളം) കുന്നുകൂട്ടിയതിനെത്തുടർന്ന് ഓസ്‌ട്രേലിയയിലെ ഒരു കുടുംബം കടുത്ത ദുരിതത്തിൽ. എൻ.എസ്.ഡബ്ല്യു സെൻട്രൽ കോസ്റ്റിലെ ഡൂറലോങ്ങിൽ 12 വർഷമായി താമസിക്കുന്ന മേഗൻ പെറിയും അഞ്ച് മക്കളുമാണ് ഈ ദുരവസ്ഥ നേരിടുന്നത്. ഇത്രയധികം മൃഗവിസർജ്യം വീടിന് ചുറ്റും കുന്നുകൂടിയതോടെ തങ്ങളുടെ വസ്തു വിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് മേഗൻ ആരോപിക്കുന്നു.

മേഗന്റെ വീടിന്റെ മൂന്ന് വശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന 385 ഏക്കർ സ്ഥലം 15 മാസം മുൻപ് ടെറി, പീറ്റർ എന്നീ സഹോദരങ്ങൾ വാങ്ങിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. സമാധാനപരമായിരുന്ന തങ്ങളുടെ ജീവിതം അതോടെ അവസാനിച്ചുവെന്നും രാത്രിയും പകലും നിർത്താതെയുള്ള ബൈക്കുകളുടെ ഇരമ്പലും വെടിയൊച്ചകളും ആർമി ട്രക്കുകളുടെ അനാവശ്യ ഓട്ടവും കാരണം കുടുംബം ഭീതിയിലാണെന്നും ഇവർ പറയുന്നു. നിരന്തരമായ മാനസിക സമ്മർദ്ദം മൂലം തനിക്ക് ചികിത്സ തേടേണ്ടി വന്നതായും മേഗൻ വെളിപ്പെടുത്തി.

ഈ തർക്കം ഇതിനകം അഞ്ചുതവണ കോടതിയുടെ മുന്നിലെത്തിയിട്ടുണ്ട്. അയൽവാസിയായ ടെറിക്കെതിരെ മേഗൻ ഇടക്കാല വ്യക്തിഗത അക്രമ ഉത്തരവ് (PVO) സമ്പാദിച്ചിട്ടുണ്ട്. ഇതേ സഹോദരങ്ങൾക്കെതിരെ മറ്റ് രണ്ട് അയൽവാസികളും സമാനമായ ഉത്തരവുകൾ വാങ്ങിയിട്ടുണ്ടെന്നും ഇവർ അവകാശപ്പെടുന്നു. മുൻപ് ഇതേ സ്ഥലത്തെ താമസക്കാരുമായുള്ള തർക്കത്തിൽ ട്രൈബ്യൂണൽ വിധി അവർക്ക് അനുകൂലമായിരുന്നുവെന്നും ടെറി അമിതമായി ബലം പ്രയോഗിച്ചുവെന്ന് കോടതി കണ്ടെത്തിയിരുന്നതായും മേഗൻ ചൂണ്ടിക്കാട്ടി.

തന്റെ വസ്തു വാങ്ങാനുള്ള താല്പര്യം ടെറി പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാൽ അത് നിരസിച്ചതോടെയാണ് ഇത്തരം ദ്രോഹ നടപടികൾ തുടങ്ങിയതെന്നും മേഗൻ ആരോപിക്കുന്നു. ജനലുകളിൽ ഹൈബീം ലൈറ്റുകൾ അടിച്ചു ശല്യം ചെയ്തതിനെത്തുടർന്ന് ഉറക്കം തടസ്സപ്പെട്ട കുട്ടികൾ പേടിച്ച് ലിവിങ് റൂമിലാണ് ഇപ്പോൾ കിടന്നുറങ്ങുന്നത്. സെൻട്രൽ കോസ്റ്റ് കൗൺസിലിൽ 100 ​​പേജുള്ള പരാതി നൽകിയിട്ടും യാതൊരു സഹായവും ലഭിച്ചില്ലെന്നും ഇവർ പരിതപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *