മൂവാറ്റുപുഴ: പരിമിതികളിൽ തളരാത്ത മനസ്സ് കൈമുതലാക്കി നിർമ്മല സദൻ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ ഒത്തുചേർന്നപ്പോൾ അത് പരിസ്ഥിതി ദിനാചരണത്തിന് വേറിട്ടൊരു മാതൃകയായി. ‘കാത്തുവയ്ക്കാം മണ്ണിനെ, മരങ്ങളെ, മനുഷ്യരെ’ എന്ന സന്ദേശവുമായി മൂവാറ്റുപുഴ സാംസ്കാരിക സംഘത്തിന്റെ സഹകരണത്തോടെയാണ് വിദ്യാലയത്തിൽ ‘ഹരിതാങ്കണം’ പരിപാടി സംഘടിപ്പിച്ചത്. സ്കൂളിലെ വിദ്യാർത്ഥികളായ റിയാ ബാബുവും ബിയാ മോൾ ബിജുവും ചേർന്ന് മാവിൻ തൈ നട്ടുകൊണ്ട് ദിനാചരണത്തിന്റെ ഭാഗമായി.
തദ്ദേശീയ പഴങ്ങളെ തള്ളി വിദേശ പഴങ്ങൾ വിപണി കീഴടക്കുമ്പോൾ ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്താനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നാടൻ ഫലവൃക്ഷങ്ങളുടെ വ്യാപനത്തിനായി വിപുലമായ കർമ്മപദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സഹകരണത്തോടെ പൊതു ഇടങ്ങളിലും പുരയിടങ്ങളിലും ഇത്തരം ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. അന്യംനിന്നുപോകുന്ന നാടൻ ഫലവൃക്ഷങ്ങളെക്കുറിച്ചുള്ള നാട്ടറിവുകൾ പുതിയ തലമുറയ്ക്ക് പകർന്നുനൽകാനും, വിഷരഹിത ഭക്ഷ്യസംസ്കാരം സമൂഹത്തിൽ പ്രചരിപ്പിക്കാനുമാണ് സാംസ്കാരിക സംഘത്തിന്റെ നേതൃത്വത്തിൽ ഹരിതാങ്കണം പദ്ധതി നടപ്പിലാക്കുന്നത്.
മുൻ എം.എൽ.എ എൽദോ എബ്രഹാം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സാംസ്കാരിക സംഘം സെക്രട്ടറി ടി.എം ഹാരിസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ റോസ്മി, നിർമ്മല സദൻ സ്പെഷ്യൽ ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ദിവ്യ, അധ്യാപകരായ സിസ്റ്റർ പ്രീത, സിസ്റ്റർ ഫീന, പി.എച്ച് അബ്ദുൾ നാസർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

