ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന കടുത്ത സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ കരുത്തുപകരുന്നതിനുള്ള വിവിധ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (PM-EAC) അംഗങ്ങളുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തി.
ന്യൂഡൽഹിയിൽ നടന്ന യോഗത്തിൽ, ആഗോളതലത്തിലെ അസ്ഥിരതകൾ ഇന്ത്യയെ ബാധിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും സാമ്പത്തിക വളർച്ചാ നിരക്ക് ഉയർത്തുന്നതിനുള്ള പുതിയ നിർദ്ദേശങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയും സമിതി അംഗങ്ങളും വിശദമായി ചർച്ച ചെയ്തു. രാജ്യത്തെ ജനങ്ങളുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും (Ease of Living) വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തമാക്കുന്നതിനും (Ease of Doing Business) ആവശ്യമായ വിവിധ ഭരണപരമായ പരിഷ്കാരങ്ങളും യോഗത്തിന്റെ അജണ്ടയായി വന്നു.
നിലവിൽ പശ്ചിമേഷ്യൻ മേഖലയിൽ തുടരുന്ന കടുത്ത സൈനിക സംഘർഷങ്ങൾ (West Asia Conflict) ഇന്ത്യയുടെയും ലോകത്തിന്റെ പൊതുവായതുമായ സാമ്പത്തിക രംഗത്ത്, പ്രത്യേകിച്ച് ഇന്ധനവിലയിലും ആഗോള വിതരണ ശൃംഖലയിലും ഉണ്ടാക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകൾ സമിതി അംഗങ്ങൾ പ്രധാനമന്ത്രിക്ക് മുൻപാകെ സമർപ്പിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്നുണ്ടാകുന്ന ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും സുസ്ഥിരമായ സാമ്പത്തിക നയങ്ങളുമായി മുന്നോട്ട് പോകുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

