ചെന്നൈ: നോർവേ ചെസ് 2026 ടൂർണമെന്റിൽ ചരിത്രവിജയം നേടിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആദരിച്ചു. ചെന്നൈ സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ പ്രഗ്നാനന്ദയ്ക്ക് 50 ലക്ഷം രൂപയുടെ പ്രോത്സാഹനധനവും സ്മാരകോപഹാരവും മുഖ്യമന്ത്രി കൈമാറി. ചടങ്ങിന്റെ ഭാഗമായി വിജയ് പ്രഗ്നാനന്ദയുമായി പ്രതീകാത്മകമായി ഒരു ചെസ് കളിയും നടത്തി.
നോർവേയിൽ നടന്ന 2026 ലെ നോർവേ ചെസ് ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പ്രഗ്നാനന്ദ ചരിത്രം സൃഷ്ടിച്ചിരുന്നു. അവസാന റൗണ്ടിൽ ജർമ്മനിയുടെ വിൻസൻ്റ് കെയ്‌മർനെ തോൽപ്പിച്ചാണ് അദ്ദേഹം കിരീടം ഉറപ്പിച്ചത്. ടൂർണമെന്റിനിടെ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ രണ്ട് തവണ പരാജയപ്പെടുത്തിയതും ശ്രദ്ധേയമായ നേട്ടമായി വിലയിരുത്തപ്പെട്ടു.
പ്രഗ്നാനന്ദയുടെ നേട്ടത്തെ അഭിനന്ദിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ചെസ് ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്. 20 വയസുകാരനായ പ്രഗ്നാനന്ദയുടെ ഈ നേട്ടം തമിഴ്നാടിനും ഇന്ത്യയ്ക്കും അഭിമാനകരമാണെന്നും ഭാവിയിലും കൂടുതൽ അന്താരാഷ്ട്ര വിജയങ്ങൾ നേടട്ടെയെന്നും മുഖ്യമന്ത്രി വിജയ് ആശംസിച്ചു.

