ചേർത്തല: ചെമ്മീൻ പീലിങ് കൂലി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷെഡ്ഡ് ഉടമകൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്ന് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബി. അൻഷാദ് ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ചേർത്തല താലൂക്കിലെ പീലിങ് ഷെഡ്ഡുകൾ പൂർണ്ണമായി സമരത്തിലേക്ക് നീങ്ങുന്നത് ഈ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തൊഴിലാളികളുടെയും ഉടമകളുടെയും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ കയറ്റുമതി സ്ഥാപനങ്ങൾ പിടിവാശി ഉപേക്ഷിച്ച് അനുരഞ്ജനത്തിന് തയ്യാറാകണം. തൊഴിലാളികൾക്ക് ഉയർന്ന വേതനം നൽകണമെങ്കിൽ ചെമ്മീൻ കയറ്റുമതി സ്ഥാപനങ്ങൾ തങ്ങൾക്ക് നൽകുന്ന പീലിങ് ചാർജ് വർദ്ധിപ്പിച്ചു നൽകണമെന്നാണ് ഷെഡ്ഡ് ഉടമകളുടെ പ്രധാന ആവശ്യം.
നിലവിലെ സാഹചര്യത്തിൽ ഈ മേഖലയെ സംരക്ഷിക്കുന്നതിനായി തൊഴിലാളികളുടെ വേതനം 23 രൂപയായി വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി ഷെഡ്ഡ് ഉടമകൾക്ക് നൽകുന്ന നിരക്ക് ഉയർത്താൻ കയറ്റുമതി സ്ഥാപനങ്ങൾ തയ്യാറായാൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകും. അരൂരിന്റെയും ചേർത്തല താലൂക്കിന്റെയും സമ്പദ്ഘടനയിൽ മുഖ്യ പങ്കുവഹിക്കുന്നതും, കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിത്തരുന്നതുമായ ചെമ്മീൻ വ്യവസായത്തെ തകർച്ചയിലേക്ക് തള്ളിവിടരുതെന്നും, ബന്ധപ്പെട്ടവർ അടിയന്തിരമായി പ്രശ്നത്തിൽ മധ്യസ്ഥത വഹിച്ച് സമരം ഒത്തുതീർപ്പാക്കണമെന്നും ബി. അൻഷാദ് കൂട്ടിച്ചേർത്തു

