ന്യൂഡൽഹി: ഫ്രാൻസിൽ ജൂൺ 15 മുതൽ 17 വരെ നടക്കുന്ന G7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയുടെ സമയം ക്രമീകരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെങ്കിലും അന്തിമ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
ഫ്രാൻസിലെ എവിയാൻ-ലെ-ബെയിൻസിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാനായി മോദി ജൂൺ 13 മുതൽ അഞ്ചുദിവസത്തെ വിദേശ സന്ദർശനം നടത്തും. ഫ്രാൻസിന് പുറമെ സ്ലോവാകിയയും അദ്ദേഹം സന്ദർശിക്കും. G7 വേദിയുടെ സൈഡ്ലൈനിൽ ലോകനേതാക്കളുമായി നിരവധി ഉഭയകക്ഷി കൂടിക്കാഴ്ചകളും നടക്കുമെന്നാണ് പ്രതീക്ഷ. മോദി–ട്രംപ് കൂടിക്കാഴ്ച നടന്നാൽ വ്യാപാരം, ഊർജ സഹകരണം, H-1B വിസ വിഷയങ്ങൾ എന്നിവ പ്രധാന ചർച്ചാവിഷയങ്ങളാകുമെന്നാണ് സൂചന.
ഇന്ത്യ–അമേരിക്ക വ്യാപാര കരാർ ചർച്ചകളും അധിക തീരുവ സംബന്ധിച്ച വിഷയങ്ങളും കൂടിക്കാഴ്ചയിൽ ഉയർന്നേക്കും. അടുത്തിടെ തീരുവകൾ, ഇന്ത്യ–പാകിസ്താൻ വിഷയവുമായി ബന്ധപ്പെട്ട ട്രംപിന്റെ പരാമർശങ്ങൾ തുടങ്ങിയ കാരണങ്ങളാൽ ഇരു രാജ്യങ്ങൾക്കുമിടയിൽ ചില നയതന്ത്ര അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും, സമീപകാല ഉന്നതതല ചർച്ചകൾ ബന്ധം മെച്ചപ്പെടുത്താൻ സഹായിച്ചുവെന്നാണ് വിലയിരുത്തൽ.
ഫ്രാൻസ് ആതിഥേയത്വം വഹിക്കുന്ന G7 ഉച്ചകോടിയിൽ ഇന്ത്യ അതിഥി രാജ്യമായാണ് പങ്കെടുക്കുന്നത്. മോദിയും ട്രംപും ഒരേ വേദിയിൽ പങ്കെടുക്കുന്നതിനാൽ കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത ശക്തമാണെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല.

