ലോകകപ്പ് ആവേശം വാനോളം; അർജന്റീനയും ഫ്രാൻസും നോർവേയും ഇന്ന് കളത്തിൽ

മിസോറി: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. സൂപ്പർ താരം ലയണൽ മെസി നയിക്കുന്ന അർജന്റീന ഇന്ത്യൻ സമയം നാളെ പുലർച്ചെ 6.30-നാണ് കളത്തിലിറങ്ങുക. ഗ്രൂപ്പ് ‘ജെ’-യിൽ ആഫ്രിക്കൻ കരുത്തരായ അൾജീരിയയാണ് മെസിപ്പടയുടെ എതിരാളികൾ.

പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന ലയണൽ മെസി ടീമിന്റെ പരിശീലന മത്സരത്തിൽ കളത്തിലിറങ്ങിയിരുന്നു. ഐസ്‌ലൻഡിനെതിരെയുള്ള കടുത്ത പരിശീലന മത്സരത്തിൽ അർജന്റീന 3-0 ന് വിജയിച്ചപ്പോൾ, പെനാൽറ്റിയിലൂടെ മെസി ഒരു ഗോൾ നേടുകയും ചെയ്തിരുന്നു. നിലവിലെ കിരീടം നിലനിർത്താൻ അർജന്റീനയ്ക്ക് സാധിക്കുമോ എന്ന ചോദ്യത്തോടെയാണ് ആരാധകർ ഈ മത്സരത്തെ ഉറ്റുനോക്കുന്നത്.

അർജന്റീനയ്ക്ക് പുറമെ മുൻ റണ്ണേഴ്സ് അപ്പുകളായ ഫ്രാൻസും, പ്രമുഖ സ്ട്രൈക്കർ എർലിംഗ് ഹാലൻഡിന്റെ നോർവേയും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. അർധരാത്രി 12.30-ന് നടക്കുന്ന മത്സരത്തിൽ കിലിയൻ എംബാപ്പെയുടെ ഫ്രാൻസ് സെനഗലിനെ നേരിടും. നാളെ പുലർച്ചെ 3.30-ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ നോർവേയുടെ എതിരാളികൾ ഇറാഖ് ആണ്. പ്രമുഖ ടീമുകളെല്ലാം ഒരേദിവസം കളത്തിലിറങ്ങുന്നതോടെ ലോകകപ്പ് ആവേശം അതിന്റെ കൊടുമുടിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *