ബ്രാറ്റിസ്ലാവ: വിദേശപര്യടനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്ലൊവാക്യ പ്രധാനമന്ത്രി റോബര്ട്ട് ഫിക്കോയുമായി സ്ലൊവാക്യൻ തലസ്ഥാനമായ ബ്രാറ്റിസ്ലാവയില് പ്രതിനിധിതല ചര്ച്ചകള് നടത്തി. ഇരുരാജ്യങ്ങള്ക്കുമിടയിലെ ഉഭയകക്ഷി ബന്ധം സമഗ്ര പങ്കാളിത്തമായി ഉയര്ത്താന് കൂടിക്കാഴ്ചയിൽ ധാരണയായതായി ചർച്ചയ്ക്ക് ശേഷമുള്ള സംയുക്ത വാര്ത്താ സമ്മേളനത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
പ്രതിരോധം, ഡിജിറ്റല് സാങ്കേതിക വിദ്യ തുടങ്ങിയ തന്ത്രപ്രധാന മേഖലകളില് സഹകരണം വര്ദ്ധിപ്പിക്കുന്നത് സംബന്ധിച്ച വിവിധ ധാരണപത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യകളും പ്രതിരോധ പങ്കാളിത്തവും ഇന്ത്യ-സ്ലൊവാക്യ സഹകരണത്തെ പുതിയ തലങ്ങളിലേക്കുയര്ത്താന് സഹായിക്കുമെന്നും ഇതിലൂടെ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിന് കൂടുതൽ കരുത്തുണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

