കാൻബെറ: ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിന്റെ പ്രഥമ സ്‌പേസ് ഇനിഷ്യൽ എംപ്ലോയ്‌മെന്റ് ട്രെയിനിങ് കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ആദ്യ ബാച്ചിലെ ഓഫീസർമാർ പുറത്തിറങ്ങി. ഈ ചരിത്ര നേട്ടം കൈവരിച്ച 16 ഉദ്യോഗസ്ഥരിൽ ഇന്ത്യൻ വംശജയായ ഫ്ലൈയിങ് ഓഫീസർ നന്ദിനി രാജ് പുരോഹിതും ഉൾപ്പെടുന്നു. ബഹിരാകാശ മേഖലയിലെ തന്ത്രപ്രധാനമായ പ്രവർത്തനങ്ങൾക്കായി സൈനികരെ സജ്ജരാക്കുന്നതിനു വേണ്ടിയാണ് ഈ പ്രത്യേക പരിശീലന പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബഹിരാകാശത്തെ വസ്തുക്കളെയും വിവിധ പ്രവർത്തനങ്ങളെയും നിരീക്ഷിക്കുന്ന ഓസ്‌ട്രേലിയയുടെ ‘വൺ സ്‌പേസ് സർവൈലൻസ് യൂണിറ്റിൽ’ സ്പേസ് ഓപ്പറേഷൻസ് ഓഫീസറായി നന്ദിനി ഇതിനകം ചുമതലയേറ്റു. കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലെ ഉന്നത വിദ്യാഭ്യാസ പശ്ചാത്തലമാണ് നന്ദിനിയെ ഈ പദവിയിലേക്ക് നയിച്ചത്. റോയൽ ഓസ്‌ട്രേലിയൻ എയർഫോഴ്‌സ് ആസ്ഥാന ത്ത് പേഴ്‌സണൽ കേപ്പബിലിറ്റി ഓഫീസറായി സേവനമനുഷ്ഠിച്ച ശേഷമാണ് നന്ദിനി ബഹിരാകാശ വിഭാഗത്തിലേക്ക് മാറുന്നത്.
വലിയ അളവിലുള്ള സാങ്കേതിക വിവരങ്ങൾ അതിവേഗം വിശകലനം ചെയ്യാനും സമ്മർദ്ദഘട്ടങ്ങളിൽ കൃത്യമായ തീരുമാനങ്ങളെടുക്കാനും ഈ കോഴ്‌സ് തങ്ങളെ പ്രാപ്തരാക്കിയെന്ന് നന്ദിനി രാജ്‌പുരോഹിത് പറഞ്ഞു. ബഹിരാകാശ മേഖലയിലെ സാങ്കേതികവിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും, ഏത് സാഹചര്യങ്ങളുമായും പൊരുത്തപ്പെടാൻ രാജ്യം സജ്ജമാകേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ബഹിരാകാശ സുരക്ഷ എന്നത് ഏതെങ്കിലും ഒരു സേവന വിഭാഗത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, അത് കര, നാവിക, വ്യോമ മേഖലകൾക്ക് ഒന്നടങ്കം സംരക്ഷണവും പിന്തുണയും നൽകുന്ന സംയുക്ത സംവിധാനമാണെന്നും നന്ദിനി വ്യക്തമാക്കി.

