ചരക്ക് നീക്കത്തിൽ വിപ്ലവം, ഇലക്ട്രിക് ട്രക്കുകളുമായി ലിൻഫോക്സ്; പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്ക് ചുവടുവെച്ച് വമ്പൻ നീക്കം

മെൽബൺ: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സ്വകാര്യ ലോജിസ്റ്റിക്സ് കമ്പനിയായ ലിൻഫോക്സ് (Linfox), പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന 26 ഹെവി-ഡ്യൂട്ടി ഇലക്ട്രിക് ട്രക്കുകൾ നിരത്തിലിറക്കുന്നു. കമ്പനിയുടെ ഈ സുപ്രധാന നീക്കത്തിന് ഓസ്‌ട്രേലിയൻ റിന്യൂവബിൾ എനർജി ഏജൻസിയുടെ ‘ഡ്രൈവിംഗ് ദ നേഷൻ’ പരിപാടിയിലൂടെ 19.63 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളറിന്റെ ധനസഹായം ലഭിച്ചു.

വോൾവോ നിർമ്മിച്ച ഈ ഇലക്ട്രിക് പ്രൈം മൂവറുകൾ നിലവിലുള്ള ഡീസൽ വാഹനങ്ങൾക്ക് പകരമായാണ് സർവീസ് നടത്തുക. മെൽബൺ, ബ്രിസ്‌ബേൻ, അഡ്‌ലെയ്ഡ് എന്നീ നഗരങ്ങളിലെ പ്രധാന ഹബ്ബുകൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. ഓരോ ട്രക്കും ദിവസേന ഏകദേശം 500 കിലോമീറ്റർ ദൂരം സഞ്ചരിക്കും. ഇത്തരത്തിൽ ഒരു ട്രക്ക് വഴി വർഷത്തിൽ 30,000 ലിറ്റർ ഡീസൽ ലാഭിക്കാൻ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി 2030-ഓടെ മൂന്ന് പ്രധാന ഹബ്ബുകളിലായി 26 ഇലക്ട്രിക് പ്രൈം മൂവറുകളും 25 ചാർജിംഗ് പോയിന്റുകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കും. മൊത്തം 50.18 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ ചെലവ് വരുന്ന ഈ പദ്ധതി, ഗതാഗത മേഖലയിലെ കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള വലിയൊരു ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.

ചരക്ക് ഗതാഗത മേഖലയ്ക്ക് വലിയൊരു മാറ്റം കൊണ്ടുവരാൻ ഈ ഇലക്ട്രിക് ട്രക്കുകൾക്ക് കഴിയുമെന്നും, ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനും ആഗോള ഇന്ധന വിപണിയെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനും ഇത് സഹായിക്കുമെന്നും ഓസ്‌ട്രേലിയൻ ക്ലൈമറ്റ് ചേഞ്ച് ആൻഡ് എനർജി മന്ത്രി ക്രിസ് ബോവൻ അഭിപ്രായപ്പെട്ടു. സാധാരണ ഡീസൽ ട്രക്കുകളെ അപേക്ഷിച്ച് ശബ്ദമലിനീകരണം കുറവാണെന്നതും ഈ പദ്ധതിയുടെ വലിയൊരു പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *