കാൻബറ: രാജ്യാന്തര വിപണിയിലെ വിതരണ തടസ്സങ്ങൾ നേരിടാൻ ഇന്ധന കരുതൽ ശേഖരം വർധിപ്പിച്ച് ഓസ്‌ട്രേലിയ. ഊർജ്ജ മന്ത്രി ക്രിസ് ബോവനും പ്രധാനമന്ത്രി ആന്റണി അൽബനീസും ചേർന്നാണ് രാജ്യത്തിന്റെ നിലവിലെ ഇന്ധന ശേഖരത്തിന്റെ കണക്കുകൾ പുറത്തുവിട്ടത്.
നിലവിൽ ഓസ്‌ട്രേലിയയുടെ പക്കൽ 44 ദിവസത്തേക്ക് ആവശ്യമായ പെട്രോളും, 39 ദിവസത്തേക്കുള്ള ഡീസലും, 32 ദിവസത്തേക്കുള്ള ജെറ്റ് ഇന്ധനവുമാണ് സ്റ്റോക്കുള്ളത്. ആകെ 6.4 ബില്യൺ ലിറ്റർ ഇന്ധനമാണ് കരുതൽ ശേഖരത്തിലുള്ളത്. മിനിമം സ്റ്റോക്ക് ഒബ്ലിഗേഷൻ നിലവിൽ വന്നതിന് ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ ശേഖരമാണിതെന്ന് മന്ത്രി ക്രിസ് ബോവൻ വ്യക്തമാക്കി.
രാജ്യത്തിന്റെ ഇന്ധന സുരക്ഷാ നിയമങ്ങളുടെ ഭാഗമായി അധികമായി 50 ദശലക്ഷം ലിറ്റർ ഡീസൽ കൂടി സർക്കാർ സുരക്ഷിതമാക്കിയിട്ടുണ്ട്. ഇതോടെ, ഈ പദ്ധതിയിലൂടെ മാത്രം ലഭ്യമാക്കിയ ആകെ ഇന്ധനത്തിന്റെ അളവ് 800 ദശലക്ഷം ലിറ്ററായി ഉയർന്നുവെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസ് അറിയിച്ചു. ഇന്ധന വിതരണ ശൃംഖലയിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിലൂടെ ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.

