പ്രിയദർശിനി പദ്ധതി തുടരാം; ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി തുടരാമെന്ന് കേരള ഹൈക്കോടതി. പദ്ധതി നിർത്തലാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. പദ്ധതിക്കെതിരെ ഉന്നയിച്ച ഭരണഘടനാ വിരുദ്ധതയുടെ വാദം തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.

പദ്ധതി ഭരണഘടനയിലെ തുല്യത ഉറപ്പുനൽകുന്ന 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാരൻ വാദിച്ചിരുന്നു. സ്ത്രീകൾക്ക് മാത്രം ആനുകൂല്യം നൽകുന്നത് വിവേചനപരമാണെന്നും പദ്ധതി രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കിയതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതത്തെക്കുറിച്ചുള്ള വിലയിരുത്തലോ നടത്തിയില്ലെന്നും പൊതുജനാഭിപ്രായം തേടിയില്ലെന്നും ഹർജിയിൽ ആരോപിച്ചു. പദ്ധതിമൂലം സംസ്ഥാന സർക്കാരിന് പ്രതിവർഷം ഏകദേശം 800 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ, പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന് തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ച കോടതി ഹർജി തള്ളുകയായിരുന്നു. ഇതോടെ കെഎസ്ആർടിസിയിലെ ‘പ്രിയദർശിനി’ സൗജന്യയാത്ര പദ്ധതി തുടരുമെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *