സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യസുരക്ഷാ പെൻഷന്റെ ഭാഗമല്ല; തുടരണോ എന്നതിൽ തീരുമാനമായിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടെ തുടർച്ച സംബന്ധിച്ച് നിലവിലെ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീഷൻ നിയമസഭയിൽ അറിയിച്ചു. സ്ത്രീ സുരക്ഷാ പെൻഷൻ സംസ്ഥാനത്തിന്റെ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുടെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം എംഎൽഎ ഒ.എസ്. അംബികയുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കഴിഞ്ഞ രണ്ട് മാസമായി സ്ത്രീ സുരക്ഷാ പെൻഷൻ വിതരണം നടന്നിട്ടില്ലെന്നും പദ്ധതി തുടരുമോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുത്ത് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതി കഴിഞ്ഞ സർക്കാർ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവതരിപ്പിച്ചതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

35 മുതൽ 60 വയസ് വരെ പ്രായമുള്ള, മറ്റ് ക്ഷേമപെൻഷനുകളൊന്നും ലഭിക്കാത്ത സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വനിതകൾക്കും പ്രതിമാസം 1,000 രൂപ ധനസഹായം നൽകുന്നതിനായാണ് സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി ആരംഭിച്ചത്.

അതേസമയം, സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം തടസ്സമില്ലാതെ തുടരുമെന്നും ജൂൺ 24 മുതൽ വിതരണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സാമൂഹ്യസുരക്ഷാ പെൻഷൻ 3,000 രൂപയായി ഉയർത്തുമെന്ന സർക്കാരിന്റെ വാഗ്ദാനം നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *