കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞുകയറി ദാരുണ അപകടം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കുടവട്ടൂർ സ്വദേശിയായ ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ പാർത്ഥിപ്, അജയകുമാർ എന്നിവരാണ് അപകടത്തിൽ ജീവൻ നഷ്ടമായവർ.

രാവിലെ സ്കൂളിലേക്കും ജോലിസ്ഥലങ്ങളിലേക്കും പോകാനായി വിദ്യാർത്ഥികളും യാത്രക്കാരും ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കവെയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ, മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. ബസ് കാത്തുനിന്ന കുട്ടികളുടെയും മറ്റുള്ളവരുടെയും മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഇതേത്തുടർന്ന് യാത്രക്കാർ ടിപ്പറിനടിയിലും മണ്ണിലും പെട്ടുപോവുകയായിരുന്നു.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ശക്തമായ രക്ഷാപ്രവർത്തനം നടത്തി. മണ്ണുമാന്തി യന്ത്രവും ഫയർഫോഴ്സ് സംവിധാനങ്ങളും ഉപയോഗിച്ച് ടിപ്പർ ലോറി ഉയർത്തിയും മണ്ണ് നീക്കിയുമാണ് അടിയിൽപ്പെട്ടവരെ പുറത്തെടുത്തത്.
പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കൂടുതൽ ആളുകൾ മണ്ണിനടിയിൽ പെട്ടിട്ടുണ്ടോ എന്നറിയാൻ പ്രദേശത്ത് വിശദമായ പരിശോധനകൾ നടത്തി. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *