കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ വടകര മജിസ്ട്രേറ്റ് കോടതി തള്ളി. കേസിലെ അന്വേഷണ പുരോഗതി പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
വിവാദ സന്ദേശത്തിന്റെ ഉറവിടം ജിതിൻ ഭാസ്കറിന്റെ മൊബൈൽ ഫോണിൽ നിന്നാണെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. പ്രതി ഉപയോഗിച്ച മൊബൈൽ ഫോൺ റീസെറ്റ് ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം ലഭിച്ചതിനുശേഷമേ കേസിൽ നിർണായക വിവരങ്ങൾ പുറത്തുവരുകയുള്ളുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
വിവാദ സ്ക്രീൻഷോട്ട് ആദ്യമായി പങ്കുവെച്ചത് ജിതിനാണെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ സ്ക്രീൻഷോട്ട് യഥാർത്ഥത്തിൽ സൃഷ്ടിച്ചത് ആരാണെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.
നേരത്തെ കേസിന്റെ അന്വേഷണം ഡിവൈഎഫ്ഐ നേതാവ് റിബേഷിലേക്കും നീണ്ടിരുന്നെങ്കിലും സന്ദേശത്തിന്റെ യഥാർഥ ഉറവിടം കണ്ടെത്താനാകാതെ അന്വേഷണം മുന്നോട്ട് പോകാനായിരുന്നില്ല. തുടർന്ന് പ്രത്യേക അന്വേഷണ സംഘം ചുമതലയേറ്റ ശേഷമാണ് തെളിവെടുപ്പും അറസ്റ്റും ഉൾപ്പെടെയുള്ള നടപടികൾ ശക്തമാക്കിയത്.

