ലോസ് ആഞ്ചലസ്: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ തുർക്കി അമേരിക്കയെ 3-2ന് തോൽപ്പിച്ച് ടൂർണമെന്റിൽ നിന്ന് വിജയത്തോടെ മടങ്ങി. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലൂടെയാണ് തുർക്കി നിർണായക ജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ഓസ്റ്റൺ ട്രസ്റ്റിയുടെ ഗോളിൽ അമേരിക്ക ലീഡ് നേടിയെങ്കിലും, അർദ ഗുലറും ബാരിഷ് യിൽമാസും നേടിയ ഗോളുകൾക്ക് മികവിൽ തുർക്കി മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ സെബാസ്റ്റ്യൻ ബെർഹാൾട്ടർ അമേരിക്കയ്ക്ക് സമനില സമ്മാനിച്ചു. എന്നാൽ ഇഞ്ചുറി ടൈമിൽ കാൻ അയ്ഹാൻ നേടിയ ഗോൾ തുർക്കിക്ക് 3-2ന്റെ വിജയമൊരുക്കി.
ഗ്രൂപ്പിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചതിനാൽ അമേരിക്ക നേരത്തേ തന്നെ പ്രീക്വാർട്ടർ (റൗണ്ട് ഓഫ് 32) പ്രവേശനം ഉറപ്പിച്ചിരുന്നു. അതിനാൽ പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ഒമ്പത് മാറ്റങ്ങളുമായാണ് അമേരിക്ക ഇറങ്ങിയത്. തോൽവിയുണ്ടായെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അമേരിക്ക നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നത്. അതേസമയം, നേരത്തേ പുറത്തായിരുന്ന തുർക്കി ആശ്വാസ വിജയത്തോടെയാണ് ലോകകപ്പ് യാത്ര അവസാനിപ്പിച്ചത്.

