തിരുവനന്തപുരം: എക്സാലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ ടി. വീണ പ്രതിയായാൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടിവരുമെന്ന ചർച്ച സിപിഎം നേതൃത്വത്തിൽ ആരംഭിച്ചതായി റിപ്പോർട്ട്. വീണ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായ സാഹചര്യമാണ് പാർട്ടി നേതൃത്വത്തിലും ആശങ്ക വർധിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മുൻ സംസ്ഥാന സെക്രട്ടറി കൊടിയേരി ബ തന്റെ മകൻ ഉൾപ്പെട്ട കേസിനെ തുടർന്ന് പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സംഭവവും ഇതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ചർച്ചയാകുന്നതായും റിപ്പോർട്ടിൽ പറയുന്നു. വീണ കേസിൽ പ്രതിയായാൽ പിണറായി വിജയനോട് സ്ഥാനമൊഴിയാൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
അതേസമയം, അത്തരമൊരു സാഹചര്യം ഉണ്ടായാൽ നിലവിൽ നിയമസഭയിലെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ കെ എൻ ബാലഗോപാൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന വിലയിരുത്തലും റിപ്പോർട്ടിലുണ്ട്. ഇക്കാര്യത്തിൽ സിപിഎം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

