ഗ്വാഡലഹാര: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എച്ച് മത്സരത്തിൽ ഉറുഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് സ്പെയിൻ പ്രീക്വാർട്ടറിലേക്ക് മുന്നേറി. വിജയത്തോടെ സ്പെയിൻ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചത്.
മത്സരത്തിന്റെ 42-ാം മിനിറ്റിൽ അലെക്സ് ബയേന നേടിയ ഗോളാണ് സ്പെയിന്റെ വിജയമുറപ്പിച്ചത്. ബയേനയുടെ ഷോട്ട് ഉറുഗ്വെ ഗോൾകീപ്പർ ഫെർണാണ്ടോ മുസ്ലേരയുടെ കൈവിട്ടാണ് വലയിലെത്തിയത്. ആദ്യ പകുതിക്ക് ശേഷം മുസ്ലേരയെ പകരം മാറ്റുകയും ചെയ്തു.
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയും ഉൾപ്പെടെ ഏഴ് പോയിന്റ് നേടിയ സ്പെയിൻ ഗ്രൂപ്പ് എച്ചിൽ ഒന്നാമതെത്തി. കേപ് വെർദെ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തി. മൂന്ന് മത്സരങ്ങളിലും ജയമില്ലാതെ രണ്ട് പോയിന്റ് മാത്രമുള്ള ഉറുഗ്വെ ലോകകപ്പിൽ നിന്ന് പുറത്തായി.

