ചെന്നൈ: തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച് ഡിഎംകെ നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗ്രസീവ് അലയൻസിൽ നിന്ന് മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (MDMK) ഔദ്യോഗികമായി പുറത്തേക്ക്. ഒൻപത് വർഷം നീണ്ടുനിന്ന രാഷ്ട്രീയ കൂട്ടുകെട്ടാണ് വൈകോയുടെ നേതൃത്വത്തിലുള്ള എം.ഡി.എം.കെ അവസാനിപ്പിച്ചത്. ചെന്നൈയിൽ ശനിയാഴ്ച ചേർന്ന പാർട്ടിയുടെ ജനറൽ കൗൺസിൽ യോഗത്തിലാണ് സഖ്യം വിടാനുള്ള നിർണായക പ്രമേയം പാസാക്കിയത്. ഭാവി സഖ്യങ്ങളെക്കുറിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും പാർട്ടി വ്യക്തമാക്കി.
2017 ഡിസംബർ മുതൽ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായിരുന്നു എംഡിഎംകെ. ആശയപരമായ ഭിന്നതകളും അവഗണനയുമാണ് മുന്നണി വിടാനുള്ള കാരണമായി പാർട്ടി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വതന്ത്രമായ രാഷ്ട്രീയ വ്യക്തിത്വത്തെ തകർക്കാൻ സഖ്യത്തിനുള്ളിൽ നിന്ന് ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നുവെന്ന് എംഡിഎംകെ പ്രമേയത്തിൽ ആരോപിച്ചു. പാർട്ടിയുടെ രണ്ട് എം.എൽ.എമാരായ ടി.എം. രാജേന്ദ്രൻ, സെന്തിൽ സെൽവൻ എന്നിവരെ ഡിഎംകെയുടെ ‘ഉദയസൂര്യൻ’ ചിഹ്നത്തിൽ മത്സരിപ്പിച്ചതിനെതിരെ അണികൾക്കിടയിൽ കടുത്ത അമർഷമുണ്ടായിരുന്നു.
കഴിഞ്ഞ 9 വർഷമായി ദ്രാവിഡ പ്രസ്ഥാനത്തെയും ഡി.എം.കെ നേതൃത്വത്തെയും തങ്ങൾ പിന്തുണച്ചുവെന്നും എന്നാൽ ആത്മാഭിമാനവും അന്തസ്സും പണയപ്പെടുത്തിയാണ് മുന്നണിയിൽ തുടർന്നതെന്നും എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈകോ വ്യക്തമാക്കി. ചെറുകക്ഷികളെ അവഗണിക്കുന്ന സമീപനമാണ് അവിടെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ പോകുന്നതാണ് എം.ഡി.എം.കെയുടെ ഈ പുതിയ തീരുമാനം.

