വിക്ടോറിയ: ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ സീഷെൽസിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിച്ചേർന്നു. സീഷെൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ മോദിക്ക് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ഗാർഡ് ഓഫ് ഓണർ ഉൾപ്പെടെ നൽകി പ്രൗഢഗംഭീരമായാണ് വരവേറ്റത്. ഒരു പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി സീഷെൽസ് സന്ദർശിക്കുന്നത്. ഇതിനുമുമ്പ് 2015-ലായിരുന്നു മോദി ഇവിടെ സന്ദർശനം നടത്തിയത്.
സീഷെൽസിന്റെ ദേശീയ ദിന ഗോൾഡൻ ജൂബിലി ആഘോഷത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാതിഥി. കൂടാതെ 2026 ഇന്ത്യയും സെഷെൽസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വാർഷികം കൂടിയാണ്. ദേശീയ ദിന പരേഡിൽ ഇന്ത്യൻ സായുധ സേനയുടെ ഒരു പ്രത്യേക വിഭാഗവും ഇന്ത്യൻ നാവികസേനയുടെ രണ്ട് അത്യാധുനിക യുദ്ധക്കപ്പലുകളും പങ്കെടുക്കുന്നുണ്ട്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സുരക്ഷാ ബന്ധത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു. പ്രതിരോധ-സമുദ്ര സുരക്ഷാ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ ഈ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഔദ്യോഗിക സന്ദർശനം. ഇതോടൊപ്പം സീഷെൽസ് പാർലമെന്റിനെ അഭിസംബോധന ചെയ്തും പ്രധാനമന്ത്രി സംസാരിക്കും.
സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി മോദിയും സെഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയും തമ്മിൽ ഉന്നതതല ചർച്ചകൾ നടത്തും. ഈ വർഷം ഫെബ്രുവരിയിൽ സെഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനി ഇന്ത്യ സന്ദർശിച്ചിരുന്നു. ഈ സമയത്ത് ഇരുരാജ്യങ്ങളും തമ്മിൽ ‘SESEL’ (Sustainability, Economic Growth and Security through Enhanced Linkages) എന്ന പേരിൽ സംയുക്ത വീക്ഷണ രേഖയും 175 മില്യൺ ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജും ഉൾപ്പെടെ 7 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ഉയർന്ന തലത്തിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടക്കുന്നത്. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

