ന്യൂഡൽഹി: കഴിഞ്ഞ വർഷം നവംബറിൽ ഡൽഹി ചെങ്കോട്ട പരിസരത്തുണ്ടായ കാർ ബോംബ് സ്‌ഫോടനക്കേസിൽ ദേശീയ അന്വേഷണ ഏജൻസി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. മുഖ്യസൂത്രധാരനായ ഡോക്ടർ ഉൾപ്പെടെ മൂന്ന് ഭീകരർക്കെതിരെ കൂടിയാണ് ശനിയാഴ്ച ന്യൂഡൽഹിയിലെ പട്യാല ഹൗസ് എൻഐഎ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇതോടെ ഈ കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ച ആകെ പ്രതികളുടെ എണ്ണം 13 ആയി ഉയർന്നു.
ജമ്മു കശ്മീർ സ്വദേശികളായ സമീർ അഹമ്മദ് അഹങ്കർ, തുഫൈൽ അഹമ്മദ് ഭട്ട്, മുസഫർ അഹമ്മദ് എന്നിവർക്കെതിരെയാണ് പുതുതായി കുറ്റപത്രം നൽകിയിരിക്കുന്നത്. ഇതിൽ മുസഫർ അഹമ്മദ് നിലവിൽ ഒളിവിൽ കഴിയുകയാണ്. കേസിലെ ഏറ്റവും ഞെട്ടിക്കുന്ന കണ്ടെത്തൽ ഒളിവിൽ കഴിയുന്ന ഈ പ്രതിയെക്കുറിച്ചുള്ളതാണ്. എം.ബി.ബി.എസും എം.ഡിയും യോഗ്യതയുള്ള ഒരു പ്രൊഫഷണൽ ശിശുരോഗ വിദഗ്ദ്ധനാണ് (പീഡിയാട്രീഷ്യൻ) ഇയാൾ. ആഗോള ഭീകര സംഘടനയായ അൽ-ഖ്വൊയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പോഷക സംഘടനയായ ‘അൻസാർ ഗസ്വത്തുൽ ഹിന്ദ്’-ന്റെ ഉപവിഭാഗമായ ‘എ.ജി.യു.എച്ച് ഇന്ററിം’ എന്ന ഭീകര ഗ്രൂപ്പിന്റെ സ്ഥാപക നേതാവാണ് ഡോ. മുസഫർ അഹമ്മദ്. ഈ കേസിലെ മറ്റൊരു പ്രതിയായ ഡോ. അദീൽ അഹമ്മദ് റാത്തറുടെ മൂത്ത സഹോദരൻ കൂടിയാണ് ഇയാൾ.
2022 ജൂണിൽ ശ്രീനഗറിലെ ഈദ്ഗാഹിൽ വെച്ച് നടന്ന അതീവ രഹസ്യ യോഗത്തിലാണ് ഈ ഭീകര മാഡ്യൂളിന് ഇയാൾ രൂപം നൽകിയതെന്ന് എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ-ഫലാഹ് സർവ്വകലാശാല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന രഹസ്യ കേന്ദ്രത്തിൽ വെച്ച് ‘ടി.എ.ടി.പി’ അധിഷ്ഠിത മാരക സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനും പരീക്ഷിക്കുന്നതിനും മേൽനോട്ടം വഹിച്ചത് ഈ ഡോക്ടറായിരുന്നു. ഇയാൾക്കെതിരെ കോടതി ഇതിനകം ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
2025 നവംബർ 10-നുണ്ടായ ഈ കാർ ബോംബ് സ്‌ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയായ ഡോ. ഉമർ ഉൻ നബി സ്ഫോടനത്തിനിടെ തന്നെ കൊല്ലപ്പെട്ടിരുന്നു. നിലവിൽ അറസ്റ്റിലായ മറ്റ് പ്രതികളെല്ലാം തീഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഒളിവിൽ കഴിയുന്ന ഡോക്ടറെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് എൻ.ഐ.എ കടന്നിട്ടുണ്ട്.

