ന്യൂയോർക്ക്: ന്യൂയോർക്കിലെ ജോൺ എഫ് കെന്നടി ഇൻറർനാഷണൽ എയർപോർട്ടിലേക്ക് ഇറങ്ങുന്നതിനിടെ ഒരു യാത്രാവിമാനത്തിൽ ഡ്രോൺ ഇടിച്ചെന്ന് പൈലറ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ വിമാനം സുരക്ഷിതമായി ഇറക്കിയ ശേഷം നടത്തിയ പരിശോധനയിൽ ഡ്രോൺ ഇടിച്ചതിന്റെ തെളിവുകളോ കേടുപാടുകളോ കണ്ടെത്താനായില്ല. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു.
ജെറ്റ് ബ്ലു എയർവെയ്സിന്റെ ലാസ് വെഗാസിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എയർബസ് A321 വിമാനമാണ് ഏകദേശം 3,000 അടി ഉയരത്തിൽ വിമാനത്താവളത്തിലേക്കുള്ള അന്തിമ സമീപനത്തിനിടെ ഡ്രോൺ ഇടിച്ചതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചത്. യാത്രക്കാർ സാധാരണ രീതിയിൽ വിമാനത്തിൽ നിന്ന് ഇറങ്ങിയതായും തുടർന്ന് നടത്തിയ പരിശോധനയിൽ ഡ്രോൺ ഇടിയുടെ തെളിവൊന്നും ലഭിച്ചില്ലെന്നും ജെറ്റ്ബ്ലൂ അറിയിച്ചു.
സംഭവത്തെ തുടർന്ന് ഡ്രോണിനെ കണ്ടെത്താൻ പൊലീസ് ഹെലികോപ്റ്റർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിമാനത്താവളങ്ങൾക്ക് സമീപമുള്ള നിയന്ത്രിത വ്യോമമേഖലയിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നത് അമേരിക്കയിൽ നിയമവിരുദ്ധമാണ്. വിമാനത്താവളങ്ങൾക്ക് സമീപം പ്രതിമാസം നൂറിലധികം ഡ്രോൺ കണ്ടതായി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും ഇത്തരം സംഭവങ്ങൾ വിമാനസുരക്ഷയ്ക്ക് ഭീഷണിയാണെന്നും എഫ്എഎ വ്യക്തമാക്കി.

