കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പൂർബ മേദിനിപുർ ജില്ലയിലെ ഹാൽദിയ പെട്രോകെമിക്കൽസ് (HPL) പ്ലാന്റിലെ നാഫ്ത പൈപ്പ്‌ലൈനിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ 20-ലേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
പുലർച്ചെ ഏകദേശം മൂന്ന് മണിയോടെയാണ് നാഫ്ത വഹിക്കുന്ന പൈപ്പ്‌ലൈനിൽ തീപിടിത്തമുണ്ടായത്. തീ സമീപത്തെ ചിരഞ്ജീബ്‌പൂർ മേഖലയിലേക്കും വ്യാപിച്ച് ചില വീടുകൾക്കും നാശനഷ്ടമുണ്ടാക്കി. തീ നിയന്ത്രണവിധേയമാക്കാൻ 12-ലേറെ അഗ്നിശമനസേനാ യൂണിറ്റുകളെ വിന്യസിച്ചു.
പരിക്കേറ്റവരെ ഹാൽദിയ സബ് ഡിവിഷണൽ ആശുപത്രിയിലും കൊൽക്കത്തയിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നും അപകടത്തെക്കുറിച്ച് ഹാൽദിയ പെട്രോകെമിക്കൽസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം പ്ലാന്റിന് സമീപത്തെ അനധികൃത നാഫ്ത മോഷണ കേന്ദ്രവുമായി ബന്ധപ്പെട്ടായിരിക്കാം സംഭവം ഉണ്ടായതെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

