തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ സ്വകാര്യ സമുദ്രോൽപന്ന സംസ്കരണശാലയിൽ അമോണിയ വാതകം ചോർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. ചികിത്സയിലായിരുന്ന ഒഡിഷ സ്വദേശിനിയായ 21-കാരി അഞ്ജന ജുവാങ് മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്.
ജൂൺ 21-ന് ഉണ്ടായ വാതകചോർച്ചയിൽ 83 തൊഴിലാളികളാണ് ബാധിക്കപ്പെട്ടത്. ഇതിൽ 48 പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. നിലവിൽ 19 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഒരാൾ വെന്റിലേറ്ററിലും 10 പേർ ഓക്സിജൻ സഹായത്തോടെയും ചികിത്സ തുടരുകയാണ്.
അപകടത്തെ തുടർന്ന് ഫാക്ടറിയിലെ അവശേഷിക്കുന്ന അമോണിയ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വ്യാവസായിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചോയെന്ന് പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

