കാൻബറ: ഇന്തോനേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി തങ്ങൾക്ക് അനുകൂലമായി പ്രചരിക്കുന്ന പോസ്റ്റുകളുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് വ്യക്തമാക്കി ഓസ്‌ട്രേലിയയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ ‘വൺ നേഷൻ’. തങ്ങളുടെ പേരിൽ നടക്കുന്ന ഇത്തരം പ്രചാരണങ്ങൾക്ക് പാർട്ടി ഒരു തരത്തിലും ഉത്തരവാദികളല്ലെന്ന് വൺ നേഷൻ വക്താവ് ഔദ്യോഗികമായി അറിയിച്ചു.
ഇത് ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിലേക്കുള്ള വിദേശ ഇടപെടലായാണ് തങ്ങൾ കണക്കാക്കുന്നതെന്നും പാർട്ടി വക്താവ് കൂട്ടിച്ചേർത്തു. ഈ വിഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയ്ക്ക് പാർട്ടി പരാതി നൽകിയിട്ടുണ്ട്. കൂടാതെ, ഈ സൈബർ ഇടപെടലിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങളിലെ സർക്കാരുകളുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാരിനോട് വൺ നേഷൻ പാർട്ടി ആവശ്യപ്പെട്ടു.

