പാലാ നഗരസഭയിൽ സ്വതന്ത്ര ഭരണസമിതിക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ്; ഭരണത്തിന് ഭൂരിപക്ഷ പ്രതിസന്ധി

കോട്ടയം: പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മ നയിക്കുന്ന ഭരണസമിതിക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് പിന്തുണ പിൻവലിക്കാൻ തീരുമാനമായത്. ഇതോടെ ഭരണസമിതിയുടെ ഭൂരിപക്ഷം നഷ്ടപ്പെടുന്ന സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്.

കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനത്തിന് വിട്ടുനൽകിയതുമായി ബന്ധപ്പെട്ട തർക്കമാണ് പുതിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെച്ചത്. ഈ വിഷയത്തിൽ സ്വതന്ത്ര അംഗങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചെന്നാണ് കോൺഗ്രസ് ആരോപണം. ഇതേത്തുടർന്ന് കൗൺസിൽ യോഗത്തിൽ നിന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോവുകയും പിന്നീട് പിന്തുണ പിൻവലിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

26 അംഗ നഗരസഭയിൽ യു.ഡി.എഫിന് 10 അംഗങ്ങളും എൽ.ഡി.എഫിന് 11 അംഗങ്ങളുമാണുള്ളത്. സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായ ദിയ ബിനു പുളിക്കക്കണ്ടം സ്വതന്ത്ര അംഗമായാണ് ചെയർപേഴ്‌സൺ സ്ഥാനത്തെത്തിയത്. കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെ നഗരസഭാ ഭരണത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *