തിരുവനന്തപുരം: പൂജ്യം മുതൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്കായുള്ള ആധാർ എൻറോൾമെന്റ് ഇപ്പോൾ പൂർണ്ണമായും സൗജന്യമായി ചെയ്യാവുന്നതാണെന്ന് കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ അറിയിച്ചു. നവജാത ശിശുക്കൾ ഉൾപ്പെടെയുള്ള കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കും. കുട്ടിയുടെ പേര് ചേർത്ത ജനന സർട്ടിഫിക്കറ്റ് (Birth Certificate) മാത്രമാണ് ഇതിനായി ആവശ്യമുള്ള രേഖ. എൻറോൾമെന്റ് സമയത്ത് മാതാപിതാക്കളിൽ ഒരാളുടെ ആധാർ കാർഡുമായി ഇത് ലിങ്ക് ചെയ്യുന്നതാണ്.
അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ ബയോമെട്രിക് രേഖകൾ (വിരലടയാളം, ഐറിസ് സ്കാനിംഗ് എന്നിവ) ഈ ഘട്ടത്തിൽ ശേഖരിക്കില്ലെന്ന പ്രത്യേകതയുമുണ്ട്. സർക്കാർ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കാൻ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ തന്നെ ആധാർ എൻറോൾമെന്റ് പൂർത്തിയാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് സിറ്റിസൺ കോൾ സെന്ററിന്റെ 1800-4251-1800 (ടോൾ ഫ്രീ), 0471-2335523 എന്നീ നമ്പറുകളിലോ, കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ) 0471-2525442 എന്ന നമ്പറിലോ ബന്ധപ്പെടാം. uidhelpdesk@kerala.gov.in എന്ന ഇമെയിൽ വഴിയും വിവരങ്ങൾ ലഭ്യമാണ്.

