പോഡ്കാസ്റ്റ് പരാമർശം, പ്രധാനമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ സെനറ്റർ; പ്രതിഷേധം ശക്തം

കാൻബറ: അടുത്തിടെ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിനിടെ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ രാജ്യത്തെ സ്ത്രീകളോട് പ്രധാനമന്ത്രി ആന്റണി ആൽബനീസ് നേരിട്ട് പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ സെനറ്റർ ജസീന്ത നമ്പിജിൻപ പ്രൈസ്. വെറുമൊരു പ്രസ്താവനയിലൂടെയല്ല, മറിച്ച് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങൾക്ക് മുന്നിലും പ്രത്യേകിച്ച് സ്ത്രീകൾക്ക് മുന്നിലും നേരിട്ടെത്തി നിരുപാധികം മാപ്പ് പറയുകയാണ് വേണ്ടതെന്ന് അവർ ആവശ്യപ്പെട്ടു. ഈ രാജ്യത്തെ ഓരോ സ്ത്രീയുടെയും ആത്മാഭിമാനത്തെ മുൻനിർത്തി ഇത് അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

വിവാദം ശക്തമായതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ ക്ഷമാപണം നടത്തിയിരുന്നെങ്കിലും, ഔദ്യോഗിക സന്ദർശനത്തിനായി പസഫിക് ദ്വീപ് രാഷ്ട്രങ്ങളിലൂടെ യാത്ര ചെയ്യുന്ന പ്രധാനമന്ത്രി ഇതുവരെ വിഷയത്തിൽ പരസ്യമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ കടുത്ത സ്ത്രീവിരുദ്ധത നിറഞ്ഞതാണെന്നും രാജ്യത്തെ യുവാക്കൾക്ക് ഇത് എന്ത് സന്ദേശമാണ് നൽകുന്നതെന്നും സെനറ്റർ ജസീന്ത പ്രൈസ് ചോദ്യം ചെയ്തു. വിഷയത്തിൽ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള വിശദീകരണത്തിനായി പ്രതിപക്ഷവും വിവിധ മഹിളാ സംഘടനകളും സമ്മർദ്ദം ശക്തമാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *